09 May, 2019 03:07:51 PM
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവർ മറുപടി പറയേണ്ടിവരും - മന്ത്രി സുനിൽകുമാർ
തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാൽ സർക്കാർ എതിർക്കില്ലെന്നും പക്ഷെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാൽ ഉത്തരവാദപ്പെട്ടവർ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ. തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണ്. സർക്കാരിന് ഇക്കാര്യത്തിൽ നിർബന്ധബുദ്ധിയില്ല. ഇക്കാര്യം കോടതിയിൽ വ്യക്തമാക്കുമെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.
പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും കാഴ്ച ഇല്ലാതാവുകയും ചെയ്ത ആന സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടർ ടി വി അനുപമ അധ്യക്ഷയായ ജില്ലാ നിരീക്ഷക സമിതി തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂരം എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയത്.ഈ വിലക്ക് ചോദ്യം ചെയ്ത് തെച്ചിക്കോട്ടുകാവ് ദേവസ്വം നൽകിയ ഹർജി നാളെ ഹൈക്കോടതി പപരിഗണിക്കാനിരിക്കെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.