09 May, 2019 12:19:29 PM


'പൂരത്തിന് ആരോഗ്യമുള്ള ആനകളെ വിട്ടുനല്‍കും': ആന ഉടമകള്‍ക്ക് തിരിച്ചടിയുമായി ഗുരുവായൂർ ദേവസ്വം



തൃശൂര്‍: ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും മെയ് 11 മുതൽ ആനകളെ നൽകില്ലെന്ന ആന ഉടമകളുടെ സംഘടന തീരുമാനത്തിന് തിരിച്ചടിയായി ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ പ്രഖ്യാപനം. ആരോഗ്യമുള്ള എല്ലാ ആനകളെയും പൂരത്തിന് വിട്ടു നൽകുമെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കി. അതേസമയം, വിലക്കും പൂരവുമായി ബന്ധമില്ലെന്നും തീരുമാനത്തിൽ നിന്ന് ഉടമകൾ പിൻമാറണമെന്നും മന്ത്രി എസ് സുനിൽകുമാർ ആവശ്യപ്പെട്ടു. 


തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. തൃശൂർ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നൽകില്ല. ഉടമകൾ ആനക്കള പീഡിപ്പിച്ച് കോടികൾ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും മന്ത്രിതല യോഗത്തിൽ ഉണ്ടായ തീരുമാനം സർക്കാർ അട്ടിമറിച്ചുവെന്നും സംഘടന വ്യക്തമാക്കിയിരുന്നു. 


വനംവകുപ്പ് ഉദ്യോസ്ഥർ വനം മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. സർക്കാർ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വനം മന്ത്രിയുടെ തീരുമാനം നിരുത്തരവാദപരമാണ്. ഉടമകൾക്ക് കാശുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് പിൻവലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും സംഘടന പറഞ്ഞിരുന്നു. എല്ലാ ആന ഉടമകളും തീരുമാനത്തിൽ ഒന്നിച്ചു നിൽക്കുമെന്നും ആന ഉടമകളുടെ സംഘടന പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K