12 April, 2019 06:58:28 PM


ചാലക്കുടിയില്‍ പ്രവാസിയുടെ വീട് കുത്തിതുറന്ന് 45 പവൻ സ്വര്‍ണം കവര്‍ന്നു




തൃശൂര്‍: വീട്ടുകാര്‍ ആശുപത്രിയില്‍ പോയതിനെതുടര്‍ന്ന് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 45 പവൻ സ്വര്‍ണം കവര്‍ന്നു. പ്രവാസിയായ ചാലക്കുടി സ്വദേശി ജോണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജോണിയുടെ വീട്ടില്‍ ഭാര്യ ഷൈനിയും മകനുമാണ് താമസിക്കുന്നത്.  

അസുഖത്തെ തുടര്‍ന്ന് ഷൈനി മകനെയും ബന്ധുക്കളെയും കൂട്ടി ബുധനാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ പോയിരുന്നു. തിരികെയെത്തിയപ്പോഴാണ് മുൻവശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. ഷൈനി ആശുപത്രിയില്‍ പോകുന്ന വിവരം അറിയാവുന്ന ആരെങ്കിലുമാകും കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടുകാരുമായി അടുത്ത ബന്ധമുളളവരെ കേന്ദീകരിച്ചാണ് അന്വേഷണം നടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K