04 April, 2019 06:15:43 PM
കൊടും ചൂടിൽ കുന്നംകുളത്ത് ഐസ് മഴ; തൃശൂരിലും പാലക്കാടും തണുപ്പേകി ഇടിയും മിന്നലുമായി പെരുമഴ
തൃശൂർ: കൊടും ചൂടിൽ കുന്നംകുളത്ത് ഐസ് മഴ. തൃശൂരില്‍ തണുപ്പേകി ഇടിയും മിന്നലുമായി ഉച്ചയ്ക്കുശേഷം പെരുമഴയാണ് പെയ്തത്. മഴ ജില്ലയിലെ പലയിടത്തും നേരിയ നാശം വിതച്ചിട്ടുമുണ്ട്. വാടാനപ്പള്ളി മേഖലയിലും തീരദേശത്തും മരങ്ങള്‍ വീണ് നാശനഷ്ടമുണ്ടാവുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ഉയർന്ന ചൂട് രേഖപ്പെടുത്തിയതിൽ രണ്ടാമത് തൃശൂരായിരുന്നു. 36 ഡിഗ്രിയിൽ അനുഭവപ്പെട്ടിരുന്ന ചൂടിൽ വലയുന്നതിനിടെയാണ് തൃശൂരിന് മഴ അനുഗ്രഹമായത്.
പാലക്കാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ഇന്ന് മഴ ലഭിച്ചു. പ്രളയത്തിന് ശേഷമെത്തിയ വേനലിൽ മുമ്പില്ലാത്ത വിധമുള്ള ചൂടാണ് അനുഭവിച്ചത്. വരൾച്ചയും അനുഭവിച്ചു തുടങ്ങിയിരുന്നു. പെരുമഴയും ഭയപ്പെടുത്തുന്ന ഉഗ്രശബ്ദത്തിൽ ഇടിവെട്ടും ഉണ്ടെങ്കിലും നാട് വേനൽ മഴയിൽ ആഹ്ളാദത്തിലാണ്. സൂര്യന്‍റെ ചൂടിന് പുറകേ തെരഞ്ഞടുപ്പ് ചൂടുകൂടി വന്നതോടെ മഴയെത്തിയത് ഏറെ ആശ്വാസമായി. ചില സ്ഥനങ്ങളില്‍ മരം വീണ് വൈദ്യുതി ബന്ധം തകര്‍ന്നു.