27 March, 2019 07:04:08 AM
തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കരുത്; ഉത്തരവിനെതിരെ ആനപ്രേമികളും ഉടമകളും
തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത്തിൽ നിന്ന് ഒഴിവാക്കണം എന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവിനെതിരെ ആനപ്രേമികളും ഉടമകളും രംഗത്ത്. ഉത്തരവിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ആനയെ പരിശോധിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് വൈൽഡ് ലൈഫ് വാർഡൻ പരിഗണിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ഫെബ്രുവരി 8ന് ഗുരുവായൂരിൽ ഗൃഹപ്രവേശനത്തിനിടെ പടക്കം പൊട്ടിയതിനെത്തുടർന്ന് ആന ഇടഞ്ഞോടിയത് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു. ഇതിനെത്തുടർന്നുള്ള അന്വേഷണമാണ് ആനയെ എഴുന്നള്ളിപ്പിൽ നിന്ന് നിയന്ത്രിക്കുന്നതിൽ എത്തി നിൽക്കുന്നത്. സംഭവം അന്വേഷിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആരോഗ്യ പ്രശ്നങ്ങളും പ്രായവും, അപകടങ്ങളുടെ ചരിത്രവും ചൂണ്ടിക്കാട്ടിയാണ് ആനയെ എഴുന്നള്ളിക്കുന്നത് നിയന്ത്രിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് ഉത്തരവിട്ടത്.
അതേസമയം അഞ്ചംഗ കമ്മിറ്റിയുടെ നിർദേശങ്ങൾ വാർഡൻ പാടേ അവഗണിച്ചെന്നാണ് ആനപ്രേമികളുടെ ആക്ഷേപം. ആനയെ ആഴ്ചയിൽ ഇടവിട്ട് മൂന്ന് ദിവസം മാത്രം എഴുന്നള്ളിക്കുക, രണ്ട് മാസത്തിലൊരിക്കൽ വൈദ്യ പരിശോധന നടത്തുക, തൃശ്ശൂർ ജില്ലയിൽ മാത്രം എഴുന്നള്ളിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് അഞ്ചംഗ സമിതി ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിച്ചത്.
ഇത് പരിഗണിക്കാത്തതിൽ ഗൂഡാലോചനയുണ്ടെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ആന പ്രേമികളുടെ തീരുമാനം. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്‍റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ചയില്ലാത്ത തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഇടഞ്ഞതിനിടെ ഇതുവരെ മരിച്ചത് 12 പേരാണ്.