13 March, 2019 10:26:33 AM
"കുടം മാറി അരിവാൾ ചുറ്റിക കിട്ടി"; സിനിമാ നടനല്ല ഇനി സഖാവാണെന്ന് ഇന്നസെന്‍റ്
ചാലക്കുടി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് സിനിമാ നടനായാണെങ്കിൽ ഇത്തവണ മത്സരത്തിനിറങ്ങുന്നത് സഖാവായാണെന്ന് ഇന്നസെന്‍റ്. കഴിഞ്ഞ തവണ കുടമായിരുന്നു ചിഹ്നം. അപ്പോൾ അരിവാൾ ചുറ്റികയെ നോക്കി താൻ വിലപിച്ചിരുന്നു. കാത്തിരുന്ന് അരിവാൾ ചുറ്റിക ചിഹ്നത്തിൽ മത്സരിക്കാൻ അവസരം കിട്ടിയതിൽ വലിയ സന്തോഷം ഉണ്ടെന്ന് ഇന്നസെന്‍റ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു. മത്സരത്തിനില്ലെന്ന് പറഞ്ഞ് ആദ്യമൊക്കെ മാറി നിന്നെങ്കിലും മുന്നണി തീരുമാനം വന്നതോടെ ചാലക്കുടി മണ്ഡലത്തിൽ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ഇപ്പോൾ ഇന്നസെന്‍റ്.
മണ്ഡലത്തിൽ എംപി എന്ന നിലയിൽ ഇന്നസെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളെ എതിരാളികൾ വിമര്‍ശിക്കുമ്പോൾ ചാലക്കുടി മണ്ഡലത്തിലെ വികസന തുടര്‍ച്ചക്ക് ഇന്നസെന്‍റിനെ വിജയിപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത നേതാക്കൾ ആവശ്യപ്പെടുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1150 കോടി രൂപയുടെ വികസന പദ്ധതികൾ ചാലക്കുടിയിൽ നടപ്പാക്കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ചാണ് ഇന്നസെന്‍റ് വോട്ട് ചോദിക്കുന്നതും.