25 January, 2019 07:31:57 PM
അവശനിലയിൽ കഴിഞ്ഞിരുന്ന വയോധികക്ക് സംരക്ഷണം ഒരുക്കി ജനമൈത്രി പോലീസ്
തൃശൂര്‍: ആരും നോക്കാനില്ലാതെ അവശനിലയില്‍ കഴിഞ്ഞ വൃദ്ധയ്ക്ക് കൈതാങ്ങുമായി പോലീസ്. നാട്ടിക ചെമ്മാപ്പിള്ളി കോളനിയിൽ ഏതു സമയവും തകർന്നു വീഴാറായ വീടിന്‍റെ ഇറയത്ത് ഒന്ന് എണീക്കാൻ പോലും കഴിയാതെ കിടന്നിരുന്ന അന്നമ്മശ്ശേരി ശാരദ (84)യെ വലപ്പാട് ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തിൽ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
സഹോദരിയുണ്ടെങ്കിലും അസുഖമായതിനാൽ ശാരദയെ പരിചരിക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. സഹോദരിയുടെ വീട്ടിൽ നിന്നും അയൽ വീടുകളിൽ നിന്നും നൽകുന്ന ഭക്ഷണമാണ് ശാരദയുടെ ജീവൻ നിലനിർത്തിയിരുന്നത്. കുറെ നാളുകളായി കിടപ്പിലായതിനാൽ തണ്ടലിന്‍റെ ഇരുവശവും പഴുപ്പ് ബാധിച്ച നിലയിലായിരുന്നു.
പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് ശാരദയെ മുടി വെട്ടി, കുളിപ്പിച്ച് പുത്തൻ വസ്ത്രങ്ങൾ ധരിപ്പിച്ച് വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കുകയും മെഡിക്കൽ സൂപ്രണ്ട് ഫാത്തിമ സുഹറയുടെ നേതൃത്വത്തിൽ പഴുപ്പുകൾ നീക്കം ചെയ്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം സുരക്ഷയുടെ ആംബുലൻസിൽ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി അഭയ ഭവനിലേക്ക് മാറ്റുകയുമായിരുന്നു.
വലപ്പാട് എസ്എച്ച്ഓ ടി.കെ ഷൈജു, എസ്ഐ പി.ജെ.അനൂപ്, വാർഡ് അംഗം ബിന്ദു പ്രദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.എം ജോൺ, പോലീസ് കെയർ കമ്മിറ്റി കോ-ഓര്‍ഡിനേറ്റർ ഷെമീർ എളേടത്ത്, സാമൂഹ്യ പ്രവർത്തകരായ ജയൻ ബോസ്, സന്തോഷ് കാളക്കൊടുവത്ത്, ഉണ്ണികൃഷ്ണൻ (സുരക്ഷ) തുടങ്ങിയവർ നേതൃത്വം നൽകി.