25 January, 2019 10:59:56 AM


ഫേസ്ബുക്ക് പോസ്റ്റ് വിവാദം; സംവിധായകന്‍ പ്രിയനന്ദന് മര്‍ദ്ദനവും ചാണകവെളളവും



തൃശ്ശൂര്‍: സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂ‍ര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നും വീടിന് മുന്നില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനന്‍ പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്‍റെ പോസ്റ്റ് വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമികളെന്നും അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പ്രിയനന്ദന്‍ പറഞ്ഞു. സംഭവത്തില്‍ പരാതിയുമായി പൊലീസിനെ സമീപിക്കാനാണ് പ്രിയനന്ദന്‍റെ തീരുമാനം.



ഇന്ന് രാവിലെ ഒമ്പത് മണിയോടെ പ്രിയനന്ദനന്‍റെ വീടിന് മുന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ എത്തുകയും വീടിന് മുന്നില്‍ പ്രതിഷേധിച്ച ഇവര്‍ പ്രിയനന്ദനനെ ആക്രമിച്ചതിനുശേഷം മര്‍ദ്ദിക്കുകയും വീടിന് മുന്നില്‍ ചാണകവെള്ളം തളിക്കുകയും  ചെയ്തെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കി. 'അയ്യപ്പനെതിരെ നീ സംസാരിക്കുമോ?' എന്ന് ചോദിച്ചാണ് തല്ലിയതെന്ന് പ്രിയനന്ദനന്‍ പറയുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടിയ പ്രിയനന്ദനന്‍ ഉടന്‍ തന്നെ പൊലീസിന് പരാതി നല്‍കുമെന്നും വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K