23 January, 2019 10:27:53 PM


സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തി പീച്ചിഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മണ്ണെടുപ്പ്; ഉദ്യോഗസ്ഥരുടെ ഒത്താശ



തൃശൂര്‍: സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി വിവിധ വകുപ്പുകളുടെ അനുമതിയോടെ പീച്ചിഡാമിന്‍റെ വൃഷ്ടിപ്രദേശമുള്‍പ്പെടുന്ന മുളയം കുന്നിടിച്ച് മണ്ണ് കടത്തുന്നു. കോര്‍പ്പറേഷന്‍ അസിസ്റ്റന്‍റ് എന്‍ജിനിയറുടെ സമ്മതത്തോടെയും, ഖനന ഭൂഗര്‍ഭ വിഭാഗത്തിന്റെ അനുമതിയോടെയുമാണത്രേ മണ്ണ് കടത്ത്. കഴിഞ്ഞ ദിവസം മണ്ണ് കടത്താനായി 14 ടോറസ് വാഹനങ്ങള്‍ എത്തിയത് കണ്ട് നാട്ടുകാരെത്തി അന്വേഷിച്ചതിലാണ് വിവരങ്ങളറിഞ്ഞത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ മണ്ണെടുപ്പ് താല്‍ക്കാലികമായി നിറുത്തിവെച്ചു. 

ഒല്ലൂക്കര മുളയം മുല്ലക്കര റോഡിലെ മുളയംകുന്നില്‍ 20 സെന്റില്‍ നിന്നും 847 ക്യൂബിക് മീറ്റര്‍ മണ്ണെടുക്കുന്നതിനാണ് ജിയോളജി വകുപ്പ് അനുമതി നല്‍കിയത്. വീട് നിര്‍മ്മാണത്തിനെന്ന പേരിലാണ് അനുമതി വാങ്ങിയിരിക്കുന്നത്. സമീപത്ത് വീടുകളെ ബാധിച്ചേക്കാവുന്ന വിധത്തില്‍ മണ്ണെടുപ്പ് എത്തിയപ്പോഴാണ് വിഷയത്തിന്റെ ഗൗരവം അറിഞ്ഞത്. വിവരങ്ങളറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് ജിയോളജി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍, കോര്‍പ്പറേഷന്‍ അസി. സെക്രട്ടറിയാണ് സമ്മതം നല്‍കിയിരിക്കുന്നതെന്നും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനാണ് തങ്ങള്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും പറഞ്ഞൊഴിഞ്ഞു. 

ഇക്കഴിഞ്ഞ 11നാണ് അനുമതി നല്‍കിയിരിക്കുന്നത്. 25നുള്ളില്‍ മണ്ണ് നീക്കം ചെയ്യണമെന്നും അനുമതി ഉത്തരവിലുണ്ട്. വീട് നിര്‍മ്മാണത്തിന് മണ്ണ് നീക്കുന്നതെന്ന ധാരണയില്‍ നാട്ടുകാര്‍ ഇത് അവഗണിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച പ്രദേശത്തെത്തിയ നേര്‍ക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി.സതീഷടങ്ങുന്ന പ്രവര്‍ത്തകരാണ് വന്‍തോതില്‍ കുന്നിടിച്ചുള്ള മണ്ണെടുപ്പ് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരുമായി സംഘടിക്കുകയായിരുന്നു. മണ്ണെടുക്കാന്‍ അനുമതി നല്‍കിയ ഖനന ഭൂഗര്‍ഭ വിഭാഗത്തിനും കോര്‍പ്പറേഷനുമെതിരെ നിയമനടപടിക്കാണ് നാട്ടുകാരുടെ തീരുമാനം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K