21 January, 2019 01:18:42 PM
കൊടും തണുപ്പില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് പുതപ്പ് നല്‍കി കേരളാ പോലീസ്
തൃശൂര്‍: കൊടുംതണുപ്പില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് കൈതാങ്ങുമായി വലപ്പാട് പൊലീസ്. രാത്രിയില്‍ കടവരാന്തയിലും മറ്റും തണുത്ത് വിറച്ച് കിടക്കുന്നവര്‍ക്ക് പുതപ്പുകള്‍ വിതരണം ചെയ്താണ് വലപ്പാട് ജനമൈത്രി പോലീസ് മാതൃകയായത്. വീടുകളില്‍ നിന്നും ഇറങ്ങിപോന്നവരും ഇറക്കിവിടപ്പെട്ടവരുമായ ആളുകള്‍ ഒട്ടേറെയാണ് കടതിണ്ണകളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇത്തരം ആളുകളെ ലക്ഷ്യമിട്ടാണ് പദ്ധതി. അതേസമയം ഭിക്ഷാടനമാഫിയായില്‍ ഉള്‍പ്പെട്ടവരെ പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്തു.
ജനുവരി 18ന് ഏഴോളം പേര്‍ക്ക് പുതപ്പ് നല്‍കികൊണ്ട് ആരംഭിച്ച പദ്ധതി തുടരുകയാണ്. ഇതിനോടകം 25ലധികം ആളുകള്‍ക്ക് പുതപ്പ് നല്‍കി കഴിഞ്ഞു. ഇന്‍സ്പെക്ടര്‍ ഷൈജു ടി.കെ., എസ് ഐ അനൂപ് പി.ജി., കെയര്‍ കമ്മറ്റി കോ-ഓര്‍ഡിനേറ്റര്‍ ഷമീര്‍ ഇളയിടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അര്‍ഹരായവരെ കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നത്. വീടില്ലാതെ തെരുവില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്നവരുടെ പുനരധിവാസത്തിനുള്ള നടപടികളും നേരത്തെ വലപ്പാട് പോലീസ് സ്വീകരിച്ചിരുന്നു.