18 January, 2019 05:48:14 PM
ഓര്‍ത്തഡോക്‌സ്- യാക്കോബായ സംഘര്‍ഷം; കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മാന്ദാമംഗലംപള്ളി അടച്ചു.
തൃശൂര്‍: ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ മാന്ദാമംഗലംപള്ളി കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അടച്ചു. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഉണ്ടായതിന്‍റെ ഭാഗമായി ഇരുവിഭാഗത്തോടും പളളിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കളക്ടര്‍ ടിവി അനുപമ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്നലെ രാത്രി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ കളക്ടര്‍ യോഗം വിളിച്ചു ചേര്‍ക്കുകയും യോഗത്തില്‍ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ ഒന്നും ഉണ്ടാകാത്ത സ്ഥിതിക്ക് നാലുമണിക്കകം പള്ളിയിയില്‍ നിന്നും പുറത്തിറങ്ങാന്‍ കളക്ടര്‍ ഇരുപക്ഷത്തോടും ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് കൂട്ടരും പിന്‍മാറിയതോടെ ജില്ലാ ഭരണകൂടം പള്ളി അടച്ചു.
ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 120 പേര്‍ക്കെതിരെ വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.