18 January, 2019 07:44:32 AM


മാന്നാമംഗലം പള്ളിയില്‍ പ്രാർത്ഥനയ്ക്കിടയിൽ ഓർത്തഡോക്സ് യാക്കോബായ ഏറ്റുമുട്ടല്‍ ; കല്ലേറിൽ 15 പേര്‍ക്ക് പരിക്ക്



uploads/news/2019/01/281384/churhch.jpg


തൃശൂർ: മാന്നാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇരുവിഭാഗങ്ങളും കയ്യേറ്റത്തിന് പുറമേ കല്ലേറും നടത്തിയതോടെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘർഷത്തിൽ ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

അവകാശത്തെച്ചൊല്ലി തർക്കം നടന്നുകൊണ്ടിരിക്കുന്ന പള്ളിയിൽ രാത്രി 12 മണിയോടെ ഓർത്തഡോക്സ് വിഭാഗം ​ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയി​ലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച കൂടുതൽ വിശ്വാസികൾ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലിൽ കൂടുതൽ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

സമരപ്പന്തൽ പൊലീസ് പൂർണ്ണമായും ഒഴിപ്പിച്ചു. ഇരുവിഭാ​ഗക്കാരും പ്രാർത്ഥനാ യജ്ഞത്തിൽ ഏർപ്പെട്ടിരുന്ന സമയത്താണ് സംഘർഷമുണ്ടായത്. പാത്രിയാർക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയിൽ തങ്ങൾക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടി ആരാധന നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സമരം ചെയ്തത്. എന്നാൽ ഓർത്തഡോക്സ് വിഭാ​ഗത്തെ പള്ളിയിൽ കയറാൻ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു.

അക്രമവും കല്ലേറും തുടങ്ങിയത് എതിര്‍വിഭാഗമാണെന്ന് പരസ്പരം ആരോപിച്ചു. അക്രമത്തില്‍ പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമരപ്പന്തൽ ഒഴിപ്പിച്ചെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K