11 February, 2016 04:47:32 PM
ഒരു നേരം പുഴുങ്ങാന്‍ കാച്ചില്‍ മാന്തി കിട്ടിയതോ 200 കിലോ കാച്ചില്‍
തൊടുപുഴ : കരിമണ്ണൂര്‍ കിളിയറ കോണിക്കല്‍ വീട്ടില്‍ സാംസണിന്റെ പറമ്പില്‍ നിന്ന് ലഭിച്ച കാച്ചിലിന് 200 കിലോയോളം തൂക്കം വരും. കര്‍ഷകനായ സാംസണ്‍ കാച്ചില്‍ വീട്ടിലെ ആവശ്യത്തിനായി കുഴിച്ചുവെച്ചതാണ്. ഇടയ്ക്ക് കുറച്ച് ചാണകം ഇട്ടുകൊടുക്കും എന്നല്ലാതെ പ്രത്യേക വളമൊന്നും ചെയ്തിട്ടില്ല.
പുഴുങ്ങാന്‍ വേണ്ടി കാച്ചിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വല്ലാതെ വളര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടത്. അയല്‍വാസികളെ വിളിച്ച് ശ്രദ്ധയോടെ മണ്ണ് മാറ്റി രണ്ട് ദിവസം കൊണ്ടാണ് കാച്ചില്‍ വെളിയിലെടുത്തത്. ഭാരം കാരണം ഇപ്പോള്‍ കാച്ചില്‍ കുഴിയുടെ വശത്തുതന്നെ വെച്ചിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പ് നട്ട കാച്ചിലാണിത്. ഭീമന്‍ കാച്ചില്‍ കാണാന്‍ ധാരാളം ആള്‍ക്കാര്‍ എത്തുന്നുണ്ട്.