30 October, 2026 09:37:25 AM


കെ.ഇ. ട്രോഫി ബാസ്കറ്റ്‌ബോൾ, വോളിബോൾ ടൂർണമെന്റിന് മാന്നാനത്ത് തുടക്കം



മാന്നാനം: മാന്നാനം- കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 26-ാമത് ഓൾ കേരള ഇന്റർ സ്കൂൾ വോളിബോൾ, 20-ാമത് ബാസ്കറ്റ്‌ബോൾ ടൂർണമെന്റായ കെ.ഇ. ട്രോഫി 2026ന് തുടക്കമായി. കേരളത്തിലെ 42 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ റവ. ഡോ. കുര്യൻ ചാലങ്ങാടി സി.എം.ഐ. പതാക ഉയർത്തി. സ്കൂൾ മാനേജർ റവ. ഫാ. ലൂക്ക ചാവറ സി.എം.ഐ. അധ്യക്ഷത വഹിച്ചു. അന്തർദേശീയ വോളിബോൾ താരവും അസിസ്റ്റന്റ് കമ്മീഷണർ ഓഫ് കസ്റ്റംസുമായ   എസ്. എ. മധു ഐ.പി.എസ്. ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് അദ്ദേഹം ആദ്യ ഫ്രീത്രോ എറിഞ്ഞ് ബാസ്കറ്റ്‌ബോൾ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ ജനറൽ ക്യാപ്റ്റൻ മാസ്റ്റർ നിഹാൽ സൂര്യ എ. സ്വാഗതവും ശ്വേതപത്മ ഡി. നന്ദിയും പറഞ്ഞു. കീർത്തന തെരേസ തലോടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ.പി. വിദ്യാർത്ഥികളുടെ പാരച്യൂട്ട് പ്രകടനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. ഒക്ടോബർ 29 മുതൽ നവംബർ 2 വരെ നടക്കുന്ന ടൂർണമെന്റിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937