07 October, 2026 12:58:24 PM


എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, സംശയമുള്ളവർക്ക് സിസിടിവി പരിശോധിക്കാം- സുഗതൻ



തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഹാജർ പുസ്തകത്തിൽ വ്യാജ ഒപ്പിട്ടെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി ബിജെപി കൗൺസിലർ ആർ. സുഗതൻ. കാപ്പാ തടങ്കൽ റദ്ദാക്കപ്പെട്ട് ജയിൽ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗൺസിൽ യോഗങ്ങളിൽ താൻ തന്നെയാണ് ഒപ്പുവെച്ചതെന്നും, സംശയമുള്ളവർക്ക് കോർപ്പറേഷൻ ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സത്യം ബോധ്യപ്പെടാമെന്നും സുഗതൻ വ്യക്തമാക്കി. പ്രതിപക്ഷ കൗൺസിലർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

താൻ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് കോർപ്പറേഷൻ യോഗങ്ങളിൽ പങ്കെടുക്കാതെ വ്യാജ ഒപ്പിട്ടു എന്ന ആരോപണം തികച്ചും വ്യാജമാണ്. കോർപ്പറേഷന്റെ എല്ലാ ഭാഗത്തും കാമറകളുണ്ട്. പോലീസിന് പരാതി നൽകിയവർക്ക് വേണമെങ്കിൽ ഇത് ദൃശ്യങ്ങൾ മുഖേന നേരിട്ട് പരിശോധിക്കാവുന്നതാണ്. ഏത് ഫോറൻസിക് പരിശോധനയ്ക്കും താൻ തയാറാണെന്നും പോലീസ് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി തനിക്ക് അനുകൂലമായപ്പോൾ അത് സ്വാധീനം കൊണ്ടാണെന്ന് രാഷ്ട്രീയ എതിരാളികൾ പറയാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. താൻ ഒളിവിലായിരുന്നില്ലെന്നും, ഏപ്രിൽ മാസത്തിൽ വാട്ടർ അതോറിറ്റി സമരം ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937