11 October, 2026 01:24:26 PM
ഡിജിപി പണി ചെയ്യുന്ന ആളോട് കോണ്‍സ്റ്റബിളിന്റെ ജോലി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും- ശ്രീലേഖ

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജി വിശദീകരണത്തിലും ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ആര്‍ ശ്രീലേഖ. ഡിജിപി പണി ചെയ്യുന്ന ആളോട് കോണ്‍സ്റ്റബിളിന്റെ പണി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ആര്‍ ശ്രീലേഖ. എന്തു ചെയ്താലും ചിലര്‍ വിമര്‍ശന പോസ്റ്റ് എഴുതുന്നു. വിഷമം തോന്നിയപ്പോഴാണ് മേയര്‍ക്ക് രാജി സന്ദേശം അയച്ചതെന്നുമാണ് വിശദീകരണം.
'ശ്രീലേഖ ബിജെപിയില്‍ നിന്നും രാജിവെച്ചിട്ടില്ല. ബിജെപിയുടെ അഭിമാനമുള്ള അംഗമായി ആജീവനാന്തം തുടരും. ഞാനൊരു മോദി ഭക്തയാണ്. മോദിജി എന്നുപറഞ്ഞാല്‍ എനിക്കിപ്പോഴും ആരാധനാമൂര്‍ത്തിയാണ്. അതുകൊണ്ട് ഒരിക്കലും പാര്‍ട്ടി വിട്ട് പോകില്ല', ശ്രീലേഖ പറഞ്ഞു. ശ്രീലേഖ ബിജെപിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകയായി ജീവാന്ത്യം വരെ തുടരും. ഉറപ്പ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'സസ്നേഹം ശ്രീലേഖ' എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് രാജി വിവാദങ്ങളിലെ യഥാർത്ഥ വസ്തുതകൾ അവർ വിശദീകരിച്ചത്. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ പദവി ലഭിക്കാത്തതിലുള്ള അമർഷമാണ് രാജിക്ക് പിന്നിലെന്ന പ്രചാരണം ശ്രീലേഖ പൂർണ്ണമായും തള്ളി. ശാസ്തമംഗലം വാർഡിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണ് താൻ കടന്നുപോയത്. ജോലിയിൽ ചെറിയ കാലതാമസം ഉണ്ടാകുമ്പോൾ പോലും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പരാമർശങ്ങൾ നേരിടേണ്ടി വന്നു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയതിനാലും വിശ്രമം വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനാലും മാത്രമാണ് സെപ്റ്റംബർ 30-ന് മേയർക്കും ജില്ലാ കളക്ടർക്കും കത്തയച്ചതെന്ന് അവർ വ്യക്തമാക്കി.
ഒരു ഡിജിപിയോട് പെട്ടെന്ന് ഒരു ദിവസം പോയി നിങ്ങൾ പോലീസ് കോൺസ്റ്റബിളിന്റെ ജോലി അഞ്ച് വർഷത്തേക്ക് ചെയ്യൂ എന്ന് പറഞ്ഞു വിട്ടു കഴിഞ്ഞാൽ ആ ഡിജിപി ഒരുപാട് ബുദ്ധിമുട്ടും. ആ പ്രയാസങ്ങളൊക്കെ സഹിച്ചുകൊണ്ടാണ് താൻ കൗൺസിലർ ആയി മത്സരിച്ചതും ആ ജോലി ചെയ്തുകൊണ്ടിരിക്കുന്നതുമെന്നും ശ്രീലേഖ പറഞ്ഞു. ഒരു പോലീസ് സ്റ്റേഷനിൽ താൻ വിളിച്ചു പറഞ്ഞാൽ ആരും കേൾക്കില്ല. ഒരു ബിജെപി കൗൺസിലർ എന്ന നിലയിൽ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ ആരും താൻ പറയുന്നത് കേൾക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. താൽക്കാലികമായി ആരോഗ്യപ്രശ്നങ്ങൾ കാരണം ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് മാറിനിൽക്കാനാഗ്രഹിച്ചതിനെ ചിലർ ചതിയായി ചിത്രീകരിച്ചത് കഷ്ടമാണെന്നും, തന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവരോട് നന്ദിയുണ്ടെന്നും വ്യക്തമാക്കി. ആരോഗ്യപരമായ പ്രയാസങ്ങൾ പരിഹരിച്ച് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായി ബി.ജെ.പിയിൽ തന്നെ മുന്നോട്ടുപോകുമെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.






