16 October, 2026 07:54:58 PM


മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്സണൽ സ്റ്റാഫ് രമ്യ ഹരിദാസിന്റെ ഡ്രൈവർ



തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്ക് വേണ്ടി വീണ്ടും വഴിവിട്ട ഇടപെടല്‍. മന്ത്രി ബിന്ദുകൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് ജോലി ചെയ്യുന്നത് രമ്യ ഹരിദാസിന്റെ ഡ്രൈവറായി. ഓഫീസ് അറ്റന്ററായി മന്ത്രിയുടെ ഓഫീസില്‍ നിയമിച്ച സുരേഷ്‌ കുമാറാണ് എംഎല്‍എയ്ക്ക് വേണ്ടി ജോലി ചെയ്യുന്നത്. രമ്യ ഹരിദാസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം പാളയം പ്രദീപിന്റെ വിശ്വസ്തനാണ് സുരേഷ്‌ കുമാര്‍. ഈ വര്‍ഷം ഓഗസ്റ്റ് 18 നാണ് സുരേഷ്‌ കുമാറിനെ ബിന്ദുകൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുന്നത്.

എംഎല്‍എയ്ക്ക് പേഴ്‌സണല്‍ അസിസ്റ്റന്റിനെയും ഡ്രൈവറെയും നിയമിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ആ തസ്തികയില്‍ ശമ്പളം താരതമ്യേന കുറവായാതിനാലാണോ സുരേഷ്‌ കുമാറിനെ ബിന്ദുകൃഷ്ണയുടെ ഓഫീസിലേക്ക് നിയമിച്ചത് എന്നതാണ് ചോദ്യമാവുന്നത്. ദീര്‍ഘകാലമായി രമ്യ ഹരിദാസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം പാളയം പ്രദീപിന്റെ വിശ്വസ്തനായി സുരേഷ്‌കുമാര്‍ ഒപ്പമുണ്ടായിരുന്നു. ഈ ബന്ധത്തിന്റെ ഭാഗമായാണോ സുരേഷ്‌ കുമാറിന്റെ വഴിവിട്ട നിയമനം എന്ന ചോദ്യമാണ് ഉയരുന്നത്.

നേരത്തെ ചിറയിന്‍കീഴില്‍ രമ്യാ ഹരിദാസുള്‍പ്പെട്ട കയ്യാങ്കളിയില്‍ കോണ്‍ഗ്രസിന് വലിയ തലവേദനയായിരുന്നു. ഇവിടെ പ്രദേശികമായി വലിയ എതിര്‍പ്പുകളും രമ്യ ഹരിദാസിനെതിരെ ഉയരുന്നുണ്ട്. അതിനിടയിലാണ് മറ്റൊരു കുരുക്ക് കൂടി രമ്യ ഹരിദാസിന് ഉണ്ടാവുന്നത്. സുരേഷ്‌കുമാര്‍ തന്നെ താന്‍ രമ്യ ഹരിദാസിന്റെ വാഹനമൊടിക്കുന്ന റീലുകള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. തെരഞ്ഞടുപ്പ് കാലത്ത് തന്നെ സുരേഷ്‌കുമാര്‍ സജീവമായി രമ്യ ഹരിദാസിന്റെ ഒപ്പമുണ്ടായിരുന്നു. ഈ നിയമനത്തില്‍ ചട്ടലംഘനം തന്നെയാണ് നടന്നതെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. സാധാരണയായി എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഓഫീസിലെത്തുന്നതിനും മറ്റ് പരിപാടികളില്‍ പങ്കെടുക്കുന്നതിനും മന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം ലഭിക്കണം. ഇതൊന്നുമില്ലാതെയാണ് സുരേഷ്‌കുമാര്‍ രമ്യക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K