09 October, 2026 01:14:21 PM


എക്സാലോജിക് കേസ്: എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്



കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ - എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, വീണ ടി, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കേസെടുക്കാതെയുള്ള അന്വേഷണത്തിനെതിരെ അഡ്വ. കെ.എം. ഷാജഹാൻ ഫയൽചെയ്ത ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇ.ഡി. നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടായിരുന്നു നടപടി. എന്നാൽ, ഇ.ഡി.യുടെ റിപ്പോർട്ടിൽ കേസെടുക്കുന്നതിന് പകരം ക്രൈംബ്രാഞ്ചിനെക്കൊണ്ട് പ്രാഥമിക അന്വേഷണം നടത്താനാണ് ഡി.ജി.പി. ഉത്തരവിട്ടത്. ഈ നടപടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.

അഴിമതി നിരോധന നിയമപ്രകാരം ഒരു പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം തുടർനടപടിയിലേയ്ക്ക് കടന്നാൽ മതിയെന്നായിരുന്നു നേരത്തെയുള്ള സുപ്രീം കോടതി നിർദ്ദേശം. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇ ഡി കത്തിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം മാത്രം തുടർനടപടികൾ തീരുമാനിക്കാം എന്ന നിലപാടിലേയ്ക്ക് സംസ്ഥാന സർക്കാർ എത്തിയത്. എന്നാൽ ഈ വാദം കൂടിയാണ് ഹൈക്കോടതി തള്ളിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939