27 October, 2026 01:24:04 PM


ഗർഭിണിയായ മാധ്യമപ്രവർത്തകയെ തള്ളിയിട്ടെന്ന പരാതി; രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ്



ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഗര്‍ഭിണിയായ തന്നെ സുപ്രീംകോടതി വളപ്പില്‍വെച്ച് രാഹുല്‍ ഗാന്ധി തള്ളിയിട്ടെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. പരാതിയുമായി മാധ്യമപ്രവര്‍ത്തക സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. കോടതി പരിസരത്തെ രാഷ്ട്രീയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടിയാണ് മാധ്യമപ്രവര്‍ത്തക അപേക്ഷ നല്‍കിയത്.

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യത്തിന്റെ റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോഴായിരുന്നു സംഭവം. ഒക്ടോബര്‍ 12ന് പ്രതിപക്ഷ നേതാക്കളുടെ സുപ്രീംകോടതിയിലേക്കുള്ള മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി തന്നെ തള്ളിയിട്ടെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. താന്‍ 11 ആഴ്ചയും മൂന്ന് ദിവസവും ഗര്‍ഭിണിയായിരുന്നുവെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു.

'മാര്‍ച്ചിനിടയില്‍ രാഹുല്‍ ഗാന്ധി തന്നെ പെട്ടെന്ന് ഗേറ്റിന് നേരെ ശക്തിയായി തള്ളിയിട്ടു. ഇതോടെ ബാലന്‍സ് തെറ്റി വീഴുകയും കൈകള്‍ കുത്തി വീഴ്ചയുടെ ആഘാതം കുറയ്‌ക്കേണ്ടിവരികയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും ഉണ്ടായിരുന്ന തിരക്കേറിയ സ്ഥലത്താണ് ഈ സംഭവം നടന്നത്. തള്ളരുതെന്ന് അപേക്ഷിച്ചിട്ടും കേട്ടില്ല. ആള്‍ക്കൂട്ടത്തിലെ സാധാരണ ഉന്തും തള്ളുമല്ലായിരുന്നു ഇത്', മാധ്യമ പ്രവര്‍ത്തക പരാതിയില്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945