26 October, 2026 12:18:11 AM


ഡ്രൈവിംഗ് പഠിച്ചത് യൂട്യൂബ് നോക്കി: ചേരാനല്ലൂർ അപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കൊച്ചി: കേരളത്തെ നടുക്കിയ ചേരാനല്ലൂർ വാഹനാപകടത്തിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടി പൊലീസിന് നൽകിയ വിചിത്ര മൊഴി പുറത്ത്. യൂട്യൂബ് നോക്കിയാണ് താൻ ഡ്രൈവിംഗ് പഠിച്ചതെന്നും, അപകടദിവസം ശക്തമായ മഴയായതുകൊണ്ടാണ് സ്കൂട്ടർ കണ്ടിരുന്നില്ലെന്നുമാണ് 17-കാരൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.


എന്നാൽ ഗുരുതരമായ ഈ കുറ്റകൃത്യത്തിന് പിന്നിൽ ഉന്നത സ്വാധീനങ്ങളും നിയമലംഘനങ്ങളുമാണ് പുറത്തുവരുന്നത്. അപകടത്തിന് കാരണമായ ആഡംബര ബെൻസ് കാറിന്റെ ഉടമസ്ഥൻ മറ്റാരെങ്കിലുമല്ല, മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജിയായ റിനോ ഫ്രാൻസിസ് സേവ്യർ ആണ്.


ലൈസൻസില്ലാത്ത, പ്രായപൂർത്തിയാകാത്ത മകന്റെ കൈയിലേക്ക് ഇത്രയും വലിയ ആഡംബര വാഹനം എടുത്തുനൽകിയ രക്ഷിതാക്കളുടെ പങ്ക് ഇവിടെ കടുത്ത ചോദ്യചിഹ്നമാവുകയാണ്. സംഭവത്തിനുശേഷം പ്രതിയായ 17-കാരനെ സ്റ്റേഷനിലെത്തിച്ച് ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച സംഭവം വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഇതിനെത്തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് ഇടപെടുകയും ഡി.ജി.പിയോട് വിശദീകരണം തേടുകയും ചെയ്തു.


മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് കേസിൽ നരഹത്യാ വകുപ്പ് ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുകയും, വാഹനത്തിന്റെ ഉടമയായ ജഡ്ജിക്കെതിരെയും പോലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിയായ 17-കാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും തുടർന്ന് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റുമെന്നുമാണ് വിവരം.


മിനി കൂപ്പർ അപകടക്കേസിലെ പ്രതിക്ക് ലഭിച്ചതിന് സമാനമായ കർശന വകുപ്പുകൾ തന്നെയാണ് ഇയാൾക്കെതിരെയും ചുമത്തിയിരിക്കുന്നത്. ​രാത്രി മുഴുവൻ കഷ്ടപ്പെട്ട് ജോലി കഴിഞ്ഞ് അരിയും വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പാവം തട്ടുകടക്കാരൻ ജയബാലകൃഷ്ണന്റെ ജീവനാണ് ഈ അശ്രദ്ധമൂലം പൊലിഞ്ഞത്. ഉന്നത പദവികളുടെ ആനുകൂല്യത്തിൽ കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ, സാധാരണക്കാരന് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.  





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919