27 October, 2026 08:06:10 PM
'പ്രിയദർശിനി' സാമ്പത്തിക നഷ്ടമുണ്ടാക്കി; നവംബർ 3 മുതൽ സ്വകാര്യ ബസ്സുകളുടെ സമരം

തിരുവനന്തപുരം: പ്രിയദര്‍ശിനി സര്‍വീസുകള്‍ മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നവംബര്‍ മൂന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ സ്വകാര്യ ബസ് ഉടമ സംയുക്ത സമിതിയുടെ തീരുമാനം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 16-ന് സര്‍ക്കാരിന് നോട്ടീസ് നല്‍കിയിട്ടും ഒരുനടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ബസുടമകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ഓരോ ദിവസവും രണ്ടുപേര്‍ വീതമാണ് നിരാഹാരമിരിക്കുന്നത്. വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കുക, ടിക്കറ്റ് നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരാനാണ് സമിതിയുടെ തീരുമാനം. നാലരവര്‍ഷം മുന്‍പാണ് യാത്രാനിരക്ക് വര്‍ധിപ്പിച്ചതെന്നും ബസ് ഉടമകള്‍ പറഞ്ഞു. മിനിമം ചാര്‍ജ് 15 രൂപയും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.
പ്രിയദര്‍ശിനി സര്‍വീസുകള്‍ ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മുന്‍ ഡി.ജി.പി പത്മനാഭന്‍ കമ്മീഷന്‍ സെപ്റ്റംബര്‍ രണ്ടിന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ശുപാര്‍ശകള്‍ നടപ്പാക്കാനോ തങ്ങളുമായി ചര്‍ച്ച നടത്താനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് ബസുടമകള്‍ വിമര്‍ശിച്ചു. ഗതാഗതമന്ത്രി കെഎസ്ആര്‍ടിസിയുടെ മാത്രം മന്ത്രിയായി മാറിയെന്നും ബസ് ഉടമകള്‍ വിമര്‍ശിച്ചു.
കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ പ്രമുഖ സംഘടനകളുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല പണിമുടക്ക് സംഘടിപ്പിക്കുന്നത്.





