18 October, 2026 01:24:20 PM
കൊല്ക്കത്തയില് ദുര്ഗാ പൂജയ്ക്കിടെ തിക്കും തിരക്കും; 17 പേര്ക്ക് ദാരുണാന്ത്യം

കൊല്ക്കത്ത: ദുര്ഗാ പൂജ പന്തലില് ശനിയാഴ്ച വൈകുന്നേരം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനേഴു പേര്ക്ക് ദാരുണാന്ത്യം. നിരവധിപ്പേര്ക്ക് പരിക്കേറ്റു. ശാരദാപാര്ക്കിലെ എക്സിറ്റ് ഗേറ്റിനു സമീപത്തെ പന്തലില് രാത്രി 7.40ഓടെയാണ് അപകടമുണ്ടായത്. കനത്ത മഴ പെയ്തതോടെ പന്തലിന് പുറത്ത് നിന്നവരും അകത്തേക്കു കയറിയതാണ് അപകടത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റവരെ കൊല്ക്കത്ത മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. സ്ഥിതിഗതികള് വിലയിരുത്താനായി പശ്ചിമ ബംഗാള് മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗര്വാളും ആശുപത്രിയിലേക്ക് തിരിച്ചു. അപകടത്തെത്തുടർന്ന് പശ്ചിമ ബംഗാൾ സർക്കാർ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 18003455678 എന്ന നമ്പറിൽ വിളിക്കണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അപകടം ഞെട്ടലുണ്ടാക്കിയെന്ന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.






