08 October, 2026 01:18:40 PM


കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിൻ്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പില്‍ പിന്‍വാതില്‍ നിയമനം



തിരുവന്നതപുരം: കോണ്‍ഗ്രസ് നേതാവ്  ബി ആര്‍ എം ഷെഫീറിൻ്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പില്‍ പിന്‍വാതില്‍ നിയമനം. മുഖ്യമന്ത്രി ഇടപെട്ടാണ് സീമാറ്റില്‍ റിസര്‍ച്ച് ഓഫീസറായി ഷാനി ഷെഫീറിന് നിയമനം നല്‍കിയതെന്ന ആരോപണം ഉയര്‍ന്നു. അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി 40,000 രൂപ ശമ്പളത്തില്‍ ജോലി നല്‍കുകയായിരുന്നു.  

യു ഡി എഫ് അധികാരത്തില്‍ എത്തിയ ഉടനെ മുഖ്യമന്ത്രി വി ഡി സതീശന്‍ നേരിട്ട് ആര്‍ അരുണ്‍കുമാറിനെ സീമാറ്റ് കേരള ഡയറക്ടറായി നിയമിച്ചിരുന്നു. വി ഡി സതീശനു പാര്‍ട്ടിയില്‍ സമ്പൂര്‍ണ പിന്തുണ നല്‍കുന്ന ചുരുക്കം നേതാക്കളില്‍ ഒരാളാണ് കെ പി സി സി സെക്രട്ടറിയായ ബി ആര്‍ എം ഷെഫീര്‍. വി ഡി സതീശനെ പ്രശംസിച്ച് പലതവണയാണ് ബി ആര്‍ എം ഷെഫീര്‍ രംഗത്തുവന്നത് ശ്രദ്ധേയമായിരുന്നു.  

അതേസമയം, നിയമനത്തെ ന്യായീകരിച്ച് സീമാറ്റ് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ ഒഴിവ് വന്ന സമയത്ത് ഷാനിയുടെ ബയോഡേറ്റ ലഭിച്ചെന്നും, പദവിക്ക് അര്‍ഹമായ മികച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളതിനാലാണ് നിയമനം നല്‍കിയെന്നുമാണ് സീമാറ്റ് നല്‍കുന്ന വിശദീകരണം. ജോലി ചെയ്യാന്‍ പര്യാപ്തമായ യോഗ്യത ഇവര്‍ക്കുണ്ടെന്ന് കണ്ടാണ് നടപടിയെന്നും സ്ഥാപനം വ്യക്തമാക്കുന്നു. 

എന്നാല്‍ തസ്തിക ഒഴിവുവന്ന വിവരം പരസ്യപ്പെടുത്താത്തതിനാല്‍ സമാനമായോ അതിനേക്കാള്‍ ഉയര്‍ന്ന തലത്തിലോ യോഗ്യതയുള്ള മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള അവസരം പൂര്‍ണ്ണമായും നിഷേധിക്കപ്പെടുകയായിരുന്നു എന്നതാണ് ആക്ഷേപം.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915