26 October, 2026 04:40:03 PM


സിഎംആർഎൽ കേസ്: പിണറായിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ



കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. എഫ്ഐആറിലെ തുടർനടപടികൾ തടഞ്ഞ ഡിവിഷൻ ബെഞ്ച്, അന്വേഷണം നിർത്തിവെക്കാനും ഇടക്കാല ഉത്തരവിട്ടു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർ സമർപ്പിച്ച അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന നടപടി. കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരനായ ഷാജഹാനെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു. പിണറായിയുടെ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു.

നേരത്തെ, ഇഡിയുടെ കത്ത് മുഖവിലയ്‌ക്കെടുത്ത് കേസെടുത്ത് അന്വേഷിക്കാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് വിധി തങ്ങളുടെ ഭാഗം കേൾക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയനും വീണയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ ഇവരുടെ ഹർജി പരിഗണിക്കാൻ തയ്യാറാകാതെ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. തുടർന്ന് ഇരുവരും മുഹമ്മദ് റിയാസിനൊപ്പം സുപ്രീംകോടതിയെ സമീപിച്ചു. കേസ് വിശദമായി പരിശോധിച്ച സുപ്രീംകോടതി, സിംഗിൾ ബെഞ്ച് ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയും പിണറായി വിജയന്റെയും മറ്റുള്ളവരുടെയും അപ്പീൽ വീണ്ടും പരിശോധിച്ച് തീർപ്പാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് നിർദ്ദേശിക്കുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950