21 October, 2026 10:50:58 AM


സൈബർ ഭീഷണി: 1.3 ദശലക്ഷം ഫോളോവേഴ്സുള്ള പ്രമുഖ ഇൻഫ്ലുവൻസർ ജീവനൊടുക്കി



ചെന്നൈ: സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന പ്രമുഖ സാമ്പത്തിക ഉപദേശകനും  'ഫൈനാൻസ് വിത്ത് ഹരീഷ്' എന്ന ജനപ്രിയ ബ്രാൻഡിന്റെ ഉടമയുമായ വി. ഹരീഷിനെ (27) ചെന്നൈയിലെ വാടക വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമായി 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഹരീഷിന്റെ അപ്രതീക്ഷിത വേർപാട് സോഷ്യൽ മീഡിയ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രമുഖ വെഞ്ച്വർ സ്റ്റുഡിയോയായ 'സെമൂറിയ ഇൻകോർപ്പറേറ്റഡ്'  സിഇഒ ജേസൺ സാമുവലിന്റെ കടുത്ത സൈബർ ഭീഷണിയും മാനസിക പീഡനവുമാണ് മകന്റെ മരണത്തിന് കാരണമെന്ന് ഹരീഷിന്റെ പിതാവ് ആരോപിച്ചു.

ഹരീഷിന് ആവശ്യമായ സാമ്പത്തിക ലൈസൻസുകൾ ഇല്ലെന്ന് ആരോപിച്ച് ജേസൺ സാമുവൽ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സാമുവലിന്റെ പരാതികളെത്തുടർന്ന് ഹരീഷിന്റെ പ്രധാന ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ (Meta) റദ്ദാക്കിയിരുന്നു. അക്കൗണ്ട് പൂട്ടിയിട്ടും പുതിയ പേജിലൂടെ ഹരീഷ് സാമ്പത്തിക വിഷയങ്ങളിൽ വീഡിയോകൾ പങ്കുവെക്കുന്നത് തുടർന്നു. എന്നാൽ സാമുവലിന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ സൈബർ ആക്രമണങ്ങൾ ഹരീഷിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്നും ഇതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു. സംഭവത്തിൽ വിശദമായ പോലീസ് അന്വേഷണം വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944