16 April, 2025 04:53:39 PM
'ഒരു തവണയെങ്കിലും അവര്‍ക്ക് സ്റ്റേഷനില്‍ എത്താമായിരുന്നു'; ഫേസ്ബുക്ക് കുറിപ്പുമായി ഏറ്റുമാനൂർ എസ്എച്ച്ഒ

ഏറ്റുമാനൂർ: അഭിഭാഷകയായ ജിസ്മോളും മക്കളും പേരൂരിൽ പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഏറ്റുമാനൂർ എസ്എച്ച്ഒ അൻസൽ അബ്ദുൾ. ഒരു മാസത്തിനിടെ ഒരുപോലെ രണ്ട് സംഭവങ്ങൾ നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണെന്ന് എസ്എച്ച്ഒ അൻസൽ.
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ 2025 ജനുവരി 1 മുതൽ മാർച്ച് 30 വരെ ലഭിച്ച 700 പരാതികളിൽ 500ഉം കുടുംബ പ്രശ്നങ്ങൾ ആയിരുന്നുവെന്ന് എസ്എച്ച്ഒ പറയുന്നു. കുടുംബ പ്രശ്നങ്ങളായി എത്തുന്ന നൂറുകണക്കിന് പരാതികൾ പരിഹരിക്കാറുണ്ട്. ആത്‍മഹത്യ ചെയ്യും മുൻപ് ഒരു തവണയെങ്കിലും ഇവർ സ്റ്റേഷനിൽ എത്തിയിരുന്നു എങ്കിൽ പ്രശ്നം പരിഹരിച്ചിരുന്നേനെ എന്നും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ അൻസൽ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
"ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2025, ജനുവരി 1 മുതൽ മാർച്ച് 30 വരെ 700 പരാതികൾ. (കോട്ടയം ജില്ലയിൽ തന്നെ കൂടുതൽ, അതിൽ 500അടുത്ത് കുടുംബ പ്രശ്നങ്ങൾ). ഇതിൽ ഒരു 10ശതമാനം അടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ.. ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി 8മണിക്ക് ശേഷം ഒപ്പിടൽ. ദിവസവും 100 ആളുകൾ അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ettumanoor. ഒപ്പിടാൻ വന്നില്ല എങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല sir, ഒപ്പിടിൽ നിർത്തിക്കോ. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേൽനോട്ടവും ആത്മാർത്ഥമായ സേവനവും നടത്തി ആണ് നടത്തി ആണ് ഏറ്റുമാനൂർ പോലീസ് കാർ 100കണക്കിന് ആത്‍മഹകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ 2 മാസം മുൻപ് ചിതറി തെറിച്ച ഷൈനിയും 2 കുഞ്ഞു ശരീരങ്ങളും, മെഡിക്കൽ കോളേജ് inquest ടേബിളിൽ പെറുക്കി വെച്ച് inquest നടത്തുമ്പോൾ എന്റെ sidru വിന്റെ യും ayana യുടയും മുഖങൾ മനസ്സിൽ മാറി വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞു ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും 2കുട്ടികളും carithas ഹോസ്പിറ്റലിൽ ആ ചെറിയ മകളുടെ ചേതന അറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ...."

അതേസമയം, ജിസ്മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി വിശദമായി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ഭർത്താവിൻറെ വീട്ടിൽ കടുത്ത മാനസിക സമ്മർദ്ദം ജിസ്മോൾ അനുഭവിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ജിസ്മോളുടെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. ബന്ധുക്കളിൽ ചിലരുടെ മൊഴി ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദമ്പതികൾ തമ്മിൽ ഒരു വർഷം മുൻപ് ഉണ്ടായ പ്രശ്നം വീട്ടുകാർ പറഞ്ഞു തീർത്തിരുന്നു എന്നാണ് വിവരം.