15 April, 2025 04:33:14 PM
മീനച്ചിലാറ്റിൽ ചാടിയ യുവതിയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും മരണമടഞ്ഞു

ഏറ്റുമാനൂർ: പേരൂർ പള്ളിക്കുന്ന് പള്ളിയുടെ സമീപം മീനച്ചിലാറ്റിൽ ചാടിയ യുവതിയും പിഞ്ചു കുഞ്ഞുങ്ങളും മരണമടഞ്ഞു. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെയാണ് സംഭവം. അയർകുന്നം നീറിക്കാട് തൊണ്ണംമാവുങ്കൽ ജിമ്മിയുടെ ഭാര്യ ജെസ്സിമോൾ തോമസ് (32), മക്കളായ നേഹ മരിയ ജിമ്മി (4), നോറ ജിസ് ജിമ്മി (1) എന്നിവരാണ് മരിച്ചത്. പാലാ ബാറിലെ അഭിഭാഷകയും മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് ജെസ്സിമോൾ.
പുഴയിൽ ചാടി ഒരു മണിക്കൂറിനു ശേഷം വെള്ളത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയ മൂവരെയും നാട്ടുകാരും ഏറ്റുമാനൂർ പോലീസും ചേർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് മണിയോടെ ആശുപത്രി അധികൃതര്‍ മരണം സ്ഥീരികരിച്ചു. ജെസ്സിമോളുടെ ഭർത്താവ് ജിമ്മി തെള്ളകം കാരിത്താസ് ആശുപത്രിയിൽ ജീവനക്കാരനാണ്.

ചൊവ്വാഴ്ച രണ്ടു മണിയോടെ പേരൂർ പള്ളികുന്നേൽ കടവിന് താഴെ ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെയാണ് ആദ്യം കണ്ടത്. നാട്ടുകാർ കരക്കടുപ്പിച്ച രണ്ടു കുട്ടികളെയും ഉടനെ അതുവഴി എത്തിയ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് ആറുമാനൂർ ഭാഗത്ത് നിന്നും ജെസ്സിയെയും കണ്ടെത്തി. ഇവരെയും ആശുപത്രിയിൽ എത്തിച്ചു. കുട്ടികളുമായി സ്കൂട്ടറിൽ എത്തിയ ജെസ്സിമോൾ പള്ളിക്കുന്നിലെ സ്കൂളിന് മുന്നിൽ റോഡിൽ നിന്നും പുഴയിലേക്ക് ഇറങ്ങുകയായിരുന്നുവത്രേ.
മൂവരെയും ആശുപത്രിയിൽ എത്തിച്ച ശേഷം നടത്തിയ പരിശോധനയിലാണ് സ്കൂളിന് മുന്നിൽ റോഡരികിൽ നിന്നും ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തിയത്. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. സ്കൂട്ടർ പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് എടുത്തുകൊണ്ടു പോയി.
യുവതിയുടെ കൈയിൽ നിന്നും ഞരമ്പ് മുറിച്ച പോലെ രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കൂടാതെ ശരീരത്തിൽ സംശയാസ്പദമായ രീതിയിലുള്ള പാടുകളും ഉണ്ടായിരുന്നുവെന്ന് ഇവരെ കരക്കടുപ്പിച്ച നാട്ടുകാർ പറയുന്നു. ഗാര്‍ഹികപീഡനത്തെ തുടര്‍ന്നാകാം ആത്മഹത്യാശ്രമമെന്നും സംശയിക്കുന്നു.
മുത്തോലി പഞ്ചായത്ത് അംഗമായ അമ്മ മരിച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പതിമൂന്നാം വാർഡിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചാണ് ജെസ്സി ജനപ്രതിനിധിയായത്. കഴിഞ്ഞ ഫെബ്രുവരി 28 നാണ് ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ നാടിനെ ഞെട്ടിച്ച സംഭവം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.