13 March, 2026 01:56:51 PM
കാരിത്താസ് ആശുപത്രിയിലെ പ്രതിഷേധം ശവപ്പെട്ടിയിൽ

ഏറ്റുമാനൂർ : രോഗികളുടെ ജീവൻ രക്ഷിക്കുന്ന മാലാഖമാരെ ശവപ്പെട്ടിയിൽ വരെയെത്തിച്ച് സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തം. കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന നഴ്സുമാരുടെ സമരം പരാജയപ്പെടുത്താനുള്ള നീക്കം ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് നടക്കുന്നതിനിടെയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ നഴ്സുമാർ ശവപ്പെട്ടിയിൽ കിടന്ന് സമരം ശക്തമാക്കിയത്.
ശമ്പളവർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നഴ്സുമാരുടെ സമരം ഇന്ന് അഞ്ചാം ദിനത്തിലേക്ക് കടന്നു. പ്രതിഷേധം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് കാരിത്താസ് ആശുപത്രി കവാടത്തിൽ ആരോഗ്യ പ്രവർത്തകർ ശവപ്പെട്ടിയൊരുക്കിയത്. നഴ്സ് അൻസു ശവപ്പെട്ടിയിൽ കിടന്നപ്പോൾ സഹപ്രവർത്തകർ ചുറ്റുമിരുന്ന് ദുഃഖ ഗാനങ്ങൾ ആലപിച്ചു. കഴിഞ്ഞ ദിവസം കഞ്ഞി വെച്ചുള്ള പ്രതിഷേധം ഉണ്ടായിരുന്നു.
ഇതിനിടെ മാനേജ്മെൻ്റിൻ്റെ ഭീഷണിക്ക് വഴങ്ങി ജൂനിയർമാരായ കുറെ ആരോഗ്യ പ്രവർത്തകർ ജോലിക്ക് തിരികെ കയറി. അതേ സമയം പുതിയ സ്റ്റാഫിനെ റിക്രൂട്ട് ചെയ്തു കൊണ്ടും മറ്റും ബദൽ സംവിധാനമൊരുക്കി ആശുപത്രി പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് മാനേജ്മെൻ്റ് എന്നും അറിയുന്നു.





