15 April, 2025 03:45:48 PM
പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി മീനച്ചിലാറ്റിൽ ചാടി; അതീവ ഗുരുതരാവസ്ഥയിൽ

ഏറ്റുമാനൂർ: പേരൂർ പള്ളിക്കുന്ന് പള്ളിയുടെ സമീപം പിഞ്ചു കുഞ്ഞുങ്ങളുമായി മീനച്ചിലാറ്റിൽ ചാടി യുവതിയുടെ ആത്മഹത്യശ്രമം. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെയാണ് സംഭവം. അയർകുന്നം നീറിക്കാട് തൊണ്ണംമാവുങ്കൽ ജിമ്മിയുടെ ഭാര്യ ജെസ്സിയാണ് നാലും ഒന്നും വയസുള്ള കുട്ടികളുമായി പുഴയിൽ ചാടിയത്. പാലാ ബാറിലെ അഭിഭാഷകയാണ് ജെസ്സിമോൾ.
ചാടി ഒരു മണിക്കൂറിനു ശേഷം വെള്ളത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയ മൂവരെയും നാട്ടുകാരും ഏറ്റുമാനൂർ പോലീസും ചേർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മൂവരുടെയും നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജസ്സിയുടെ ഭർത്താവ് ജിമ്മി തെള്ളകം കാരിത്താസ് ആശുപത്രിയിൽ ജീവനക്കാരനാണ്.
യുവതിയുടെ കൈയിൽ നിന്നും ഞരമ്പ് മുറിച്ച പോലെ രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കൂടാതെ ശരീരത്തിൽ സംശയാസ്പദമായ രീതിയിലുള്ള പാടുകളും ഉണ്ടായിരുന്നുവെന്ന് ഇവരെ കരക്കടുപ്പിച്ച നാട്ടുകാർ പറയുന്നു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാകാം ആത്മഹത്യാശ്രമമെന്നും സംശയിക്കുന്നു.