12 April, 2025 02:32:35 PM


പെറ്റിയടിക്കാൻ ഗേറ്റ് വിലങ്ങി പോലീസ് : ചിത്രമെടുത്തവരെ പിന്തുടർന്ന് 'ഊതൽ നാടകം'



നീണ്ടൂർ : ഗതാഗത കുരുക്ക് ഉണ്ടാകും വിധം വഴിയിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് പെറ്റി അടിക്കാൻ നിയമം കാറ്റിൽ പറത്തി പോലീസ്. കോട്ടയം ജില്ലയിലെ നീണ്ടൂരിനടുത്തുളള കൈപ്പുഴ കവലയിൽ ഇന്ന് പകൽ 1.30 മണിയോടെ ആണ് സംഭവം. വഴിയോരത്ത് പാർക്ക് ചെയ്ത കാറിന്റെ ചിത്രം മൊബൈലിൽ പകർത്തിയ ശേഷം പെറ്റി അടിക്കാനായി പോലീസ് ജീപ്പ് നിർത്തിയത് ഇതേ റോഡരികിൽ സ്കൂളിന്റെ ഗേറ്റ് അടച്ച്. ഈ സമയം സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർ നാട്ടുകാർ ഇതെപ്പറ്റി സംസാരിക്കുന്നത് ശ്രദ്ധിക്കുകയും ഈ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

എന്തോ പന്തികേട് മനസ്സിലാക്കിയ പോലീസുകാർ ജീപ്പിൽ പിന്നാലെ പാഞ്ഞെത്തി മാധ്യമ പ്രവർത്തകർ സഞ്ചരിച്ച വാഹനം നടുറോഡിൽ തടഞ്ഞു. എന്തിനാണ് വീഡിയോ എടുത്തതെന്ന് ചോദിച്ചായിരുന്നു വാഹനം തടഞ്ഞത്. എന്നാൽ ദൃശ്യം പകർത്തിയത് മാധ്യമ പ്രവർത്തകനാണ് എന്നറിഞ്ഞതോടെ വെറുതെ മടങ്ങാനാവില്ല എന്നായി പോലീസ്. ഏതെങ്കിലും രീതിയിൽ കേസെടുത്ത് കുടുക്കണം എന്നായി അടുത്ത ചിന്ത. പിന്നാലെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ യന്ത്രവുമായെത്തി ഊതിച്ചു. അവിടെയും നിരാശയായിരുന്നു ഫലം. കൂടുതൽ എന്തെങ്കിലും ചോദിക്കും മുൻപേ ജീപ്പുമെടുത്ത് പോലീസ് സ്ഥലം കാലിയാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K