31 March, 2025 10:34:47 AM
'ഷൈനിയെപ്പോലെ ജീവനൊടുക്കിക്കൂടേ?'; ഏറ്റുമാനൂരിൽ നാൽപ്പത്തിയേഴുകാരിയെ ഭർത്താവും ഭർതൃമാതാവും പീഡിപ്പിക്കുന്നുവെന്ന് പരാതി

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ നാൽപ്പത്തിയേഴുകാരി ഗാർഹിക പീഡനത്തിനിരയായതായി പരാതി. മദ്യത്തിന് അടിമയായ ഭർത്താവും ഭർതൃമാതാവും ചേർന്ന് ക്രൂരമായി പീഡിപ്പിക്കുന്നതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പത്തൊൻപതുകാരിയായ മകളെയും ഭർത്താവ് ജോമോൻ മർദിച്ചതായും യുവതി ആരോപിച്ചു. ഭർത്താവിന്റെ വീട്ടിൽ കഴിയുമ്പോൾ ഭർതൃമാതാവ് നിരന്തരം മർദിക്കുകയും വേനൽകാലത്ത് രാത്രി ആയാൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ബുദ്ധിമുട്ടിച്ചിരുന്നതായും യുവതി ആരോപിച്ചു.
ഏറ്റുമാനൂരിൽ ആത്മഹത്യ ചെയ്ത ഷൈനിയെ പോലെ ആത്മഹത്യ ചെയ്തുകൂടെ എന്ന് ഭർത്താവ് നിരന്തരം ചോദിക്കുമെന്നും യുവതി വെളിപ്പെടുത്തുന്നു. പിതാവിന്റെ മർദനത്തിൽ മകൾക്ക് കഴുത്തിന് മുറിവേറ്റതായും ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കുന്നു.