24 March, 2025 01:06:52 PM
ഏറ്റുമാനൂർ വികെബി റോഡ് നവീകരണത്തിൽ വൻ അഴിമതിയെന്ന്; പ്രക്ഷോഭം ശക്തമാവുന്നു

ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരത്തിലെ വി കെ ബി റോഡിന്റെ അശാസ്ത്രീയ നവീകരണ പ്രവർത്തനങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാവുന്നു. ഏറ്റുമാനൂർ നഗരസഭ 34-ാം വാർഡിൽ പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന വി കെ ഭാർഗവൻനായരുടെ പേരിലുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെ പോരായ്മകൾ ചൂണ്ടികാട്ടി നാട്ടുകാർ രംഗത്തെത്തിയിരുന്നു.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി വളരെ ധൃതി പിടിച്ച് ഒറ്റ ദിവസത്തിനുള്ളിൽ ടാറിങ് നടത്തിയതിൽ വൻ അഴിമതിയുണ്ടെന്ന് തുടക്കത്തിലേ ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ വേനൽമഴയിൽ റോഡിൽ വെള്ളക്കെട്ട് രൂപം കൊണ്ടതും റോഡരികിലുള്ള വീടുകളിലേക്ക് മലിനജലം ഇരച്ചു കയറിയതും.

റോഡിൽ ടാർ നിരപ്പിനെക്കാൾ ഉയരത്തിൽ കോൺക്രീറ്റ് ചെയ്തതും ഓടകൾ ഇല്ലാത്തതും നിർമ്മാണവേളയിൽ എടുത്ത മണ്ണ് റോഡിന് ഇരുവശത്തും കൂട്ടിയിട്ടതും നിരൊഴുക്ക് തടസപ്പെടാൻ കാരണമായി. ഇതേതുടർന്ന് പരിസരവാസികൾ പരാതിയുമായി നഗരസഭയെ സമീപിച്ചിരുന്നു. സ്ഥലത്തെത്തി പരിശോധന നടത്തിയ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഉൾപ്പെടെയുള്ള നഗരസഭ അധികൃതർ റോഡ് നിർമാണത്തിലെ അപാകതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സമ്മതിക്കുകയും ചെയ്തു.
മഴ തുടരുന്നതും എന്നാൽ വെള്ളകെട്ടിന് ശാശ്വത പരിഹാരം കാണാൻ കഴിയാത്തതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നിലനിൽക്കെയാണ് പ്രത്യക്ഷ സമര പരിപാടികളുമായി സി പി എം രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 5 മണിക്ക് സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ പടിഞ്ഞാറെ നടയിൽ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കും. വി കെ ബി റോഡിലൂടെ കടന്ന് പ്രകടനം ക്ഷേത്രമൈതാനത്തിന് സമീപമെത്തി പ്രതിഷേധയോഗം ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വി കെ ബി റോഡിന്റെ 'തട്ടിപ്പ് മുഖം മിനുക്കൽ' നടത്തിയ വാർഡ് കൗൺസിലരുടെ കാപട്യം തിരിച്ചറിയുക, അശാസ്ത്രീയ നിർമാണത്തിലൂടെ റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനു ഉടൻ പരിഹാരം കാണുക, അപാകതകൾ പരിഹരിച്ച് റോഡ് ശാസ്ത്രീയമായ രീതിയിൽ പുനർനിർമിച്ചു സഞ്ചാരയോഗ്യമാക്കാൻ നഗരസഭ അടിയന്തരമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിസരവാസികൾക്കു പിന്നാലെ സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റുമാനൂർ നഗരസഭയുടെ 34, 35 വാർഡുകളുടെ അതിർത്തിയായ വികെബി റോഡിലെ വെള്ളക്കെട്ട് വൻ ദുരിതമാണ് പരിസരവാസികൾക്ക് സമ്മാനിക്കുന്നത്. ടാർ ചെയ്ത ഭാഗം താഴ്ന്നു കിടക്കുന്നതും ഇരുവശത്തും മണ്ണ് കുട്ടിയിട്ടിരിക്കുന്നതും മൂലം മറ്റ് സ്ഥലങ്ങളിൽനിന്ന് മാലിന്യങ്ങൾ സഹിതം ഒഴുകിവരുന്നതുൾപ്പെടെ വെള്ളം റോഡിൽ കെട്ടികിടക്കുന്നു. മഴയിൽ ഈ മലിനജലം റോഡരികിലുള്ള വീടുകളിലേക്ക് പരന്നൊഴുകുന്നത് പകർച്ചവ്യാധികൾക്ക് കാരണവുമാകുന്നു. പല വീടുകളിലും കൊച്ചുകുട്ടികളും വയോധികരും താമസിക്കുന്നുണ്ട് എന്നതും ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ടതാണെന്ന് നഗരസഭാ അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.
വളരെ വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് യാത്രായോഗ്യമല്ലാതായി കിടക്കുകയായിരുന്നു റോഡ്. കരാറുകാർ പ്രവൃത്തി ഏറ്റെടുക്കുന്നില്ല എന്നായിരുന്നു നഗരസഭയുടെ പക്ഷം. ഇതിനിടെ പരാതികളുമായി റസിഡന്‍റ്സ് അസോസിയേഷനും രംഗത്തെത്തി. മന്ത്രി വി.എൻ. വാസവനും വിഷയത്തിൽ ഇടപെട്ടു. നഗരസഭയുടെ അലംഭാവം തുടർന്നാൽ നേരിട്ട് നിർമാണ പ്രവൃത്തികൾ ചെയ്യിക്കുന്നതിനുള്ള ക്രമീകരണങ്ങൾ താൻ ചെയ്യാമെന്ന് വാസവൻ നാട്ടുകാർക്ക് വാക്ക് നൽകിയിരുന്നു. തുടര്‍ന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ നഗരസഭാ അധികൃതർ പണികൾ നടത്തിയെങ്കിലും നാട്ടുകാർക്ക് ദുരിതം മിച്ചം.
വർക്ക് നടക്കുമ്പോൾ അവിടെയെയെത്തി ചിത്രങ്ങളെടുത്ത് തന്‍റെ കഠിനശ്രമം കൊണ്ടാണ് വികെബി റോഡിന്‍റെ പണി പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കിയതെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തിയ വാർഡ് കൗൺസിലറുടെ നടപടികളിൽ നാട്ടുകാർക്ക് വൻ അമർഷമാണുള്ളത്. ജനങ്ങളുടെ നികുതിപണം ഉൾകൊള്ളുന്ന നഗരസഭയുടെ ഫണ്ട് ഉയോഗിച്ചുള്ള ഇത്തരം പ്രവൃത്തികൾ നാട്ടുകാർക്ക് ദോഷം വരാത്ത രീതിയിലാണോ എന്ന് പരിശോധിക്കാൻ തയ്യാറാകാതെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടും തന്റെ പബ്ലിസിറ്റിക്കു വേണ്ടിയും ഒരു ജനപ്രതിനിധി വിനിയോഗിക്കുന്നത് ഒട്ടും ശരിയല്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
റോഡ് നിർമാണത്തിൽ അവകാശ വാദം ഉന്നയിക്കുന്ന വാർഡ് കൗൺസിലർ അവരുടെ തറവാട് വീട്ടിലേക്ക് വെള്ളം കയറാത്ത വിധം ആ വീടിന് മുന്നിൽ മാത്രമാണ് ഓട നവീകരിച്ചതെന്ന് നാട്ടുകാർ നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. മാത്രമല്ല, തെ
തെറ്റുകൾ ചൂണ്ടികാട്ടുന്ന ആളുകളെയും സംഘടനകളെയും സമൂഹമാധ്യമങ്ങളിലൂടെ അപഹസിക്കുന്ന പ്രവണതയാണ് കൗൺസിലറും കൂട്ടരും നടത്തിവരുന്നതെ
തെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
