14 March, 2025 07:21:51 PM
റോഡിന്‍റെ ശോചനീയാവസ്ഥ: നഗരസഭാ കവാടത്തില്‍ ധര്‍ണ നടത്തി കൗണ്‍സിലര്‍

ഏറ്റുമാനൂര്‍: തന്‍റെ വാർഡിലെ റോഡുകളുടെ വികസനകാര്യത്തില്‍ അലംഭാവം കാട്ടുന്ന നടപടിക്കെതിരെ നഗരസഭാ ഓഫീസിനുമുന്നില്‍ പ്രതിഷേധവുമായി കൗണ്‍സിലര്‍. ഏറ്റുമാനൂര്‍ നഗരസഭ 33-ാം വാർഡ് കൗൺസിലർ രശ്മി ശ്യാമാണ് തന്‍റെ വാർഡിലെ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ ഭര്‍ത്താവ് ശ്യാമിനോടും സഹപ്രവര്‍ത്തകരോടും ഒപ്പം നഗരസഭാ കവാടത്തില്‍ ധർണ നടത്തിയത്.
വാര്‍ഡില്‍ സംസ്കൃത സര്‍വകലാശാല കാമ്പസിനു മുന്നില്‍നിന്നും പോലീസ് സ്റ്റേഷനിലേക്കുള്ള റോഡ് റീടാറിംഗിനായി മെറ്റല്‍ പാകിയിട്ട് മാസങ്ങളായി. ഇടക്കുവെച്ച് ജോലികള്‍ നിര്‍ത്തിയ കരാറുകാരന്‍ പിന്നീട് ഈ വഴി വരുന്നേയില്ല. താന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ മടിക്കുന്ന കരാറുകാരന്‍ ഇപ്പോള്‍ തന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് രശ്മി ആരോപിച്ചു. പലവട്ടം നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഈ മാര്‍ച്ച് 31ന് മുമ്പ് പണികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്നതിലാണ് കൗണ്‍സിലര്‍ പ്രത്യക്ഷസമരവുമായി രംഗത്തെത്തിയത്.
അടുത്ത ആഴ്ച തന്നെ റോഡ് പണി പൂർത്തീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതിനെതുടര്‍ന്നാണ് രശ്മി ധര്‍ണ അവസാനിപ്പിച്ചത്. ഉറപ്പു ലംഘിച്ചാൽ നിരാഹാര സമരവുമായി വീണ്ടും രംഗത്ത് വരുമെന്ന് രശ്മി മുന്നറിയിപ്പ് നല്‍കി. മരാമത്ത് സ്ഥിരം സമിതി അംഗം സിന്ധു കറുത്തേടം, കൌണ്‍സിലര്‍ രാധിക രമേശ്, ബിജെപി ജില്ലാ ഭാരവാഹി ഡോ. ശ്രീജിത്ത്, സിറിൽ നരിക്കുഴി, മധു തുടങ്ങിയവർ സംസാരിച്ചു.