04 March, 2025 11:19:38 PM
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്ത കാറിൽ നിന്നും മോഷണം

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ കാറിൽ നിന്നും മോഷണം. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ആയിരുന്നു സംഭവം. ഇതു സംബന്ധിച്ച് പുതുപ്പള്ളി കാലായി പറമ്പിൽ മിനി നൽകിയ പരാതിയിൽ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രായമായ ഒരാൾ കാറിൽ ഉണ്ടായിരുന്നതിനാൽ വാഹനം ലോക്ക് ചെയ്യാതെയാണ് മറ്റ് കുടുംബാംഗങ്ങൾ ക്ഷേത്ര ദർശനത്തിനായി പോയത്. ഈ സമയം കാറിനടുത്തെത്തിയ ഒരു യുവാവ് വാഹനത്തിന്റെ ഡോർ അടഞ്ഞിട്ടില്ലെന്ന് പറഞ്ഞ് തുറന്ന് അടച്ചു. ഇതിനിടെ ഇയാൾ സീറ്റിനിടയിൽ ഇരുന്ന ബാഗും കൈവശപ്പെടുത്തിയെന്നാണ് പരാതി. ബാഗിൽ സ്വർണവും പണവും എടിഎം കാർഡ്, ആധാർ തുടങ്ങിയ രേഖകളും ഉണ്ടായിരുന്നുവത്രേ.
പിന്നാലെ ടൗണിലെ ഒരു എടിഎം കൗണ്ടറിൽ നിന്നും പണം പിൻവലിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും പിൻ തെറ്റായതിനാൽ നടന്നില്ല. പിൻ തെറ്റായി അടിച്ചപ്പോൾ മൊബൈൽ ഫോണിൽ വന്ന സന്ദേശം കണ്ടതോടെയാണ് മോഷണ വിവരം മിനിയും കുടുംബവും അറിയുന്നത്.