01 March, 2025 07:44:29 PM


ഷൈനി മക്കളോടൊപ്പം ജീവനൊടുക്കാൻ തീരുമാനിച്ചതിന് ജോലി നിഷേധിച്ചതും കാരണമെന്ന്

ആരോപണങ്ങൾ നിഷേധിച്ച് സ്വകാര്യ ആശുപത്രി അധികൃതർ



ഏറ്റുമാനൂര്‍: ഏറ്റുമാനൂർ പാറോലിക്കലില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി വീട്ടമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ തെള്ളകത്തെ സ്വകാര്യ ആശുപത്രി അധികൃതർക്കു നേരെയും ആരോപണങ്ങൾ.  പാറോലിക്കല്‍ സ്വദേശിനി ഷൈനി കുര്യന്‍ (43), മക്കളായ അലീന (11), ഇവാന (10) എന്നിവര്‍ ഒരുമിച്ച് തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഘടകം കുടുംബവഴക്കും സാമ്പത്തിക പ്രതിസന്ധികളും ആണെന്നായിരുന്നു പുറത്തുവന്ന വിവരം. 

ബി.എസ്.സി നഴ്സായ ഷൈനിയെ വിവാഹ ശേഷം ജോലിക്ക് പോകാന്‍ ഭര്‍ത്താവ് അനുവദിച്ചിരുന്നുവെങ്കിലും എങ്ങും ശരിയായില്ലത്രേ. പിന്നീട് ഇവരുടെ സഭയുടെ തന്നെ  സ്ഥാപനമായ കാരിത്താസ് ഹോസ്പ്പിറ്റലില്‍ ജോലിക്കായി നടത്തിയ പരിശ്രമവും പരാജയപ്പെട്ടു. ജോലിയിൽ 9 വര്‍ഷത്തെ ഗ്യാപ്പ് പറഞ്ഞാണ് കാരിത്താസ് ആശുപത്രിയിൽ ജോലി നിഷേധിച്ചതെന്നാണ് പറയപ്പെടുന്നത്. ഒരു കൊല്ലം ഫ്രീയായി ജോലി ചെയ്താല്‍ പരിഗണിക്കാം എന്ന് പറഞ്ഞ് അഭ്യര്‍ഥന തളളി എന്നും ആരോപണം.   

ഭര്‍തൃവീട്ടില്‍ താമസിച്ചിരുന്ന കാലത്ത് ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി ഷൈനി ലോണെടുത്ത് പണം നല്‍കിയിരുന്നു. ഈ പണം തിരിച്ചടക്കേണ്ട ബാധ്യതയും ഷൈനിയുടെ തലയിലായി. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ജോലി തേടിയിറങ്ങിയപ്പോഴും ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി എടുത്ത പണവുമായി ബന്ധപ്പെട്ട പോലീസ് കേസ് ഒതുക്കാൻ ശ്രമിച്ചപ്പോഴും തടസവുമായി രംഗത്തെത്തിയവരിൽ ബന്ധുവായ വൈദികന്നും ഉണ്ടെന്നാണ് ആരോപണം. 

ഷൈനിയുടെ മരണം സമുദായ ഗ്രൂപ്പുകളിലെല്ലാം ചര്‍ച്ചയായി. വിദ്യാഭ്യാസം ഉണ്ടായിട്ടും സ്വന്തം സമുദായത്തിന്റെ സ്ഥാപനത്തില്‍ നിന്നും ഒരു തൊഴിലവസരത്തിനുള്ള കരുണ പോലും ലഭിക്കാതെ ജീവിതം വഴി മുട്ടിയപ്പോള്‍ ഇവര്‍ ചെയ്ത് പോയതാണ് എന്ന വിധത്തിലാണ് ചര്‍ച്ചകള്‍.

തങ്ങൾക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ആരോപണങ്ങൾ കാരിത്താസ്‌ ആശുപത്രി അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. ഷൈനിക്ക് നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ ശമ്പളത്തോടെ ജോലി ചെയ്യാൻ അവസരം നല്‍കാമെന്ന് അറിയിച്ചുവെന്നാണ് കാരിത്താസ് വ്യക്തമാക്കുന്നത്. പക്ഷെ ഇന്റർവ്യൂ കഴിഞ്ഞു പോയ യു യുവതി മറ്റൊരു സ്ഥാപനത്തില്‍ ജോലിക്കു കയറുകയായിരുന്നുവെന്നും കാരിത്താസ് അധികൃതർ വ്യക്തമാക്കി. 

ആരോപണം നിഷേധിച്ചുകൊണ്ട് കാരിത്താസ് ആശുപത്രി അധികൃതര്‍ ഇറക്കിയ വിശദീകരണ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ.

"ഷൈനി എന്ന സഹോദരി ആശുപത്രിയിൽ ജോലിക്കായി അപേക്ഷിച്ചിരുന്നു. എന്നാൽ നൽകിയില്ല " ഇത്തരമൊരു പ്രസ്താവനയോട് കൂടി ചിലർ പ്രചരിപ്പിക്കുന്ന വസ്തുത വിരുദ്ധമായ കാര്യങ്ങളുടെ സത്യാവസ്ഥ ഇപ്രകാരമാണ്.

കാരിത്താസ് NABH, NABH Nursing excellence അംഗീകാരമുള്ള ആശുപത്രി ആയതിനാൽ അതിന്റെ നിബന്ധന അനുസരിച്ചു 9 വർഷത്തിലധികമായി നഴ്സിംഗ് ജോലി ചെയ്യാതിരുന്ന ഈ സഹോദരിക്ക് പ്രസ്തുത ജോലി നൽകുവാൻ സാധിക്കുമായിരുന്നില്ല. എങ്കിലും ഈ സഹോദരിയുടെ പ്രത്യേക സാഹചര്യം മനസിലാക്കി നഴ്സിംഗ് അസിസ്റ്റന്റ് എന്ന ജോലി നൽകാമെന്ന് അറിയിച്ചതാണ്. എന്നാൽ വീടിനടുത്തുള്ള മറ്റൊരു സ്ഥാപനത്തിൽ ജോലി ലഭിച്ചു എന്നാണ് പിന്നീട് അറിയാൻ സാധിച്ചത്."

പ്രവാസിയായ തൊടുപുഴ കരിങ്കുന്നം സ്വദേശിയാണ് ഷൈനിയുടെ ഭര്‍ത്താവ് നോബി. ഇപ്പോള്‍ നാട്ടിലുള്ള ഭര്‍ത്താവ് പതിവായി ഷൈനിയുമായി വഴക്കിടുമായിരുന്നു. ഉപദ്രവം തുടങ്ങിയതോടെ 9 മാസം മുന്‍പ് രണ്ട് പെണ്‍കുട്ടികളുമായി ഷൈനി സ്വന്തം വീട്ടിലേയ്ക്ക് പോന്നു. മൂത്ത മകന്‍ പിതാവിനൊപ്പമായിരുന്നു. നോബിയുമായി ബന്ധം വേര്‍പ്പെടുത്തുന്നതിന് കേസ് നല്‍കിയിരുന്നുവെങ്കിലും ഹിയറിങിന് ഇയാൾ എത്തിയിരുന്നില്ലത്രെ.

ഷൈനിയും നോബിയും തമ്മിലുള്ള വിവാഹ മോചന കേസ് കോടതിയില്‍ നടക്കുന്നതിനിടയിലാണ് മരണം. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഷൈനിയുടെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ മാറി പാറോലിക്കല്‍ റെയില്‍വേ ട്രാക്കിൽ നിലമ്പൂര്‍ എക്‌സ്പ്രസിന് മുന്നിലാണ് മൂവരും ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്പോള്‍ മൂവരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K