18 January, 2025 03:44:14 PM
എം ടി വാസുദേവൻ നായരെയും പി.ജയചന്ദ്രനെയും അനുസ്മരിച്ച് ഏറ്റുമാനൂർ എസ് എം എസ് എം ലൈബ്രറി
ഏറ്റുമാനൂർ: സാമൂഹ്യ വ്യവസ്ഥകൾ ഉയർത്തുന്ന കാലാതിവർത്തിയായ പ്രശ്നങ്ങളെ മനുഷ്യൻ നേരിട്ടതെങ്ങിനെയെന്ന് എം ടി വാങ്മയ ചിത്രമെഴുതിയെന്നും മൂന്ന് പതിറ്റാണ്ടോളം മനുഷ്യമനസ്സിന്റെ ഭാവ പ്രണയ വിരഹ ആർദ്രതകൾക്ക് മധുര രാഗങ്ങളിലൂടെ പി. ജയച്ചന്ദ്രൻ പൂർണ്ണത നൽകിയെന്നും മന്ത്രി വി.എൻ വാസവൻ. ഏറ്റുമാനൂർ എസ് എം എസ് എം പബ്ളിക് ലൈബ്രറി സംഘടിപ്പിച്ച എം ടി, പി. ജയച്ചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലയാള ഭാഷ ഉള്ളടത്തോളം ഈ മഹാ പ്രതിഭകൾ വിസ്മൃതരാകില്ലയെന്നും അദ്ദേഹം പറഞ്ഞു.ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ പി. രാജീവ് ചിറയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ സതീഷ് ശങ്കരൻ, കാഥികൾ മീനടം ബാബു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
കമ്മറ്റി അംഗങ്ങളായ അംബിക രാജീവ്, ഡോ വിദ്യ ആർ പണിക്കർ, എ.പി സുനിൽ, അൻഷാദ് ജമാൽ എന്നിവർ പ്രസംഗിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ടി.ജി വിജയകുമാർ, എഴുത്തുകാരായ ജയശ്രീ പള്ളിക്കൽ, ഡോ. രാജു വള്ളിക്കുന്നം, സെബാസ്റ്റ്യൻ വലിയ കാല ടിഎ മണി തൃക്കോതമംഗലം, കെ.എസ് ജയലക്ഷ്മി ആഷ പ്രദീപ്, പി ചന്ദ്രകുമാർ, സാബു രാജ് ടി. ചാക്കോ,എ എൻ ജമിനി എന്നിവർ വേദിയിൽ സന്നിഹിതരായി. തുടർന്ന് എം ടി യുടെ സിനിമകളിലേതുൾപ്പടെ പി ജയച്ചന്ദ്രൻ ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി ഗാനാഞ്ജലി. ലൈബ്രറി പല്ലവി മ്യൂസിക് ക്ലബ്ബ് കൺവീനർ മാർ പി.കെ രാജൻ, പി.കെ മോഹനൻ വള്ളിക്കാട് എന്നിവർ നേതൃത്വം നൽകി.