30 November, 2024 07:33:47 PM


വെള്ളമില്ല: കർഷകരുടെ കണ്ണിൽ പൊടിയിടാനുളള നീക്കവുമായി ജലസേചന വകുപ്പ്



ഏറ്റുമാനൂര്‍: കർഷകർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ 'കൺകെട്ട്' വിദ്യയുമായി ജലസേചന വകുപ്പ് അധികൃതർ. മീനച്ചിലാറ്റില്‍ നിന്നുമുളള ജലസേചനം മാസങ്ങൾക്ക് മുമ്പ് നിലച്ചതിനാൽ കൃഷിയിറക്കാൻ മാർഗമില്ലാതായ പേരൂര്‍, തെള്ളകം പാടശേഖരങ്ങളിലെ നെല്‍കര്‍ഷകരാണ് പരാതിയുമായി രംഗത്തെത്തിയത്.

ജലസേചനവകുപ്പിന്‍റെ മൈനര്‍ ഇറിഗേഷനുകീഴില്‍ പേരൂര്‍ പുളിമുടിന് സമീപം പാലാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന പമ്പ് ഹൌസില്‍നിന്നുള്ള ജലസേചനം നിർത്തിവെച്ചതിന് കാരണമായി അധികൃതർ പറഞ്ഞത് മോട്ടോറുകൾ കേടായി എന്നായിരുന്നു. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ അഴിച്ചുമാറ്റിയ മോട്ടോറുകൾ പുനസ്ഥാപിക്കാനോ കേടാണെങ്കിൽ അവ നന്നാക്കുന്നതിനോ തയ്യാറാകാതെയായിരുന്നു അധികൃതർ കർഷകരെ ബുദ്ധിമുട്ടിച്ചത്. 

250 ഏക്കറിലധികം വരുന്ന പാടശേഖരങ്ങളിൽ നിലമൊരുക്കുന്നതിനാവശ്യമായ കക്കായും നെല്‍വിത്തും കൃഷിഭവനില്‍നിന്നും ലഭിച്ചുവെങ്കിലും ജലം ലഭ്യമാകാത്തതിനാൽ തുടർ നടപടികൾ സ്വീകരിക്കാനാവാതെ കുഴയുകയായിരുന്നു കർഷകർ. നിലമൊരുക്കാനും വിത്ത് വിതക്കാനും പററാത്ത സാഹചര്യത്തിൽ കര്‍ഷര്‍ ബുദ്ധിമുട്ടുന്നത് കഴിഞ്ഞ ദിവസം 'കൈരളി വാർത്ത' റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കണ്ണിൽ പൊടിയിടാനുള്ള 'ജാലവിദ്യ'യുമായി അധികൃതർ എത്തിയത്. 50, 60, 25 കുതിരശക്തിയുടെ മോട്ടോറുകളാണ് നിലവിൽ പേരൂർ പമ്പ് ഹൗസിലുള്ളത്. ഇതിൽ  50, 60 കുതിരശക്തിയുടെ മോട്ടോറുകൾ പ്രവർത്തിപ്പിച്ചാലാണ് തെള്ളകം വരെയുള്ള പാടങ്ങളിൽ ആവശ്യത്തിന് ജലം എത്തുക. എന്നാൽ 25 കുതിരശക്തിയുടെ മോട്ടോർ മാത്രം പ്രവർത്തിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതുകൊണ്ട് പമ്പ് ഹൗസിന് തൊട്ടടുത്തുള്ള തുരുത്തേൽ പാടത്തു പോലും പൂർണമായി ജലം കിട്ടില്ലെന്നും കർഷകർ ചൂണ്ടി കാട്ടുന്നു.

വെള്ളമെത്താതെ ട്രാക്ടര്‍ ഇറക്കി നിലം ഉഴുതാനോ കൃഷിഭവനില്‍നിന്നും ലഭിച്ച സാമഗ്രികള്‍ കൃത്യമായി ഉപയോഗിക്കാനോ പറ്റില്ല. നവംബര്‍ 16 മുതല്‍ പാടത്തേക്ക് വെള്ളം പമ്പ് ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ മൈനര്‍ ഇറിഗേഷന്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. പക്ഷെ നടപടികൾ ഒന്നും
ഉണ്ടാകാത്ത സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K