29 September, 2025 10:49:13 AM


ഏറ്റുമാനൂരില്‍ ചിക്കൻ ഫ്രൈയെ ചൊല്ലി ഹോട്ടലിൽ കയ്യാങ്കളി; ഒരാൾക്ക് പരിക്ക്



ഏറ്റുമാനൂർ: ചിക്കന്റെ ചെസ്റ്റ് പീസ് ഓർഡർ ചെയ്ത ആൾക്ക് കിട്ടിയത് വിങ്സ് പീസ്! ചിക്കൻ ഫ്രൈയെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. ഭക്ഷണം കഴിക്കാനെത്തിയ ആൾക്ക് ഹോട്ടൽ ജീവനക്കാരന്റെ മർദനത്തില്‍ പരിക്ക്. ഏറ്റുമാനൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

ഭക്ഷണം കഴിക്കാനെത്തിയ ആളും ഹോട്ടല്‍ ജീവനക്കാരനും തമ്മിലാണ് തര്‍ക്കമുണ്ടായത്. തിരുവഞ്ചൂര്‍ സ്വദേശിയും ഏറ്റുമാനൂരിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ജീവനക്കാരനുമായ നിധിനാണ് ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയത്. ഓര്‍ഡര്‍ എടുക്കാന്‍ വന്ന അതിഥി തൊഴിലാളിയോട് ചിക്കന്‍ ഫ്രൈയാണ് ആവശ്യപ്പെട്ടത്. ചിക്കന്‌റെ ചെസ്റ്റ് പീസ് വേണമെന്നും നിധിന്‍ പറഞ്ഞിരുന്നു. 

എന്നാൽ നിധിന് കിട്ടിയതാകട്ടെ വിങ്‌സ് പീസും. ഇത് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്ന് പറഞ്ഞെന്നും സംസാര രീതി ചോദ്യം ചെയ്തതോടെ തന്നെ മര്‍ദിച്ചുവെന്നും നിധിന്‍ പറഞ്ഞു. ആക്രമണത്തില്‍ ഇയാളുടെ നെറ്റിക്ക് പരിക്കുണ്ട്. പിന്നാലെ ജീവനക്കാരന്‍ സ്ഥലം വിട്ടെന്നും നിധിന്‍ പറഞ്ഞു. പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K