28 November, 2024 09:52:12 PM
വെള്ളമില്ല; കൃഷി ഉപേക്ഷിക്കാന്‍ തയ്യാറായി പേരൂര്‍, തെള്ളകം പാടങ്ങളിലെ നെല്‍കര്‍ഷകര്‍

ഏറ്റുമാനൂര്‍: മീനച്ചിലാറ്റില്‍ നിന്നുമുളള ജലസേചനം നിലച്ചതോടെ ആശങ്കയിലായി പേരൂര്‍, തെള്ളകം പാടശേഖരങ്ങളിലെ നെല്‍കര്‍ഷകര്‍. ജലസേചനവകുപ്പിന്‍റെ മൈനര്‍ ഇറിഗേഷനുകീഴില്‍ പേരൂര്‍ പുളിമുടിന് സമീപം പാലാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന പമ്പ് ഹൌസില്‍നിന്നാണ് 250 ഏക്കറിലധികം വരുന്ന പാടശേഖരങ്ങളിലേക്ക് ജലം ലഭ്യമാക്കുന്നത്. എന്നാല്‍ മാസങ്ങളായി ഇവിടെ നിന്നും ജലവിതരണം നിലച്ചതോടെ നിലമൊരുക്കാനും വിത്ത് വിതക്കാനും പററാത്ത സാഹചര്യത്തിലാണ് കര്‍ഷര്‍ ഇപ്പോള്‍.
നിലമൊരുക്കുന്നതിനാവശ്യമായ കക്കായും നെല്‍വിത്തും കൃഷിഭവനില്‍നിന്നും ലഭിച്ചുവെങ്കിലും ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരം കാണ്ടെത്താനാവാതെ കുഴയുകയാണ് കര്‍ഷകര്‍. പാടത്ത് വെള്ളമെത്താതെ ട്രാക്ടര്‍ ഇറക്കി നിലം ഉഴുതാനോ തുടര്‍നടപടികള്‍ക്കോ കഴിയുന്നില്ല. കൃഷിഭവനില്‍നിന്നും ലഭിച്ച സാമഗ്രികള്‍ കൃത്യമായി ഉപയോഗിക്കാനും പറ്റുന്നില്ല.
നവംബര്‍ 16 മുതല്‍ പാടത്തേക്ക് വെള്ളം പമ്പ് ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. പാടശേഖരസമിതി ഭാരവാഹികളും കൃഷിഭവന്‍ അധികൃതരും പലവട്ടം മൈനര്‍ ഇറിഗേഷന്‍ ഓഫീസിലേക്ക് വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ഓഫീസില്‍ എത്തിയാല്‍ ആരും ഇല്ലാത്ത അവസ്ഥയാണെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ അഴിച്ചുമാറ്റിയ മോട്ടോര്‍ കഴിഞ്ഞ ദിവസം വരെ പുനസ്ഥാപിച്ചിട്ടില്ല. ഇതിനിടെ മോട്ടോര്‍ തകരാറിലാണെന്ന് ജീവനക്കാര്‍ സൂചിപ്പിച്ചുവെങ്കിലും കേടുപാടുകള്‍ തീര്‍ക്കാന്‍ നടപടിയെടുത്തില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. വെള്ളം ലഭിക്കാത്ത സാഹചര്യം തുടര്‍ന്നാല്‍ കൃഷി ഉപേക്ഷിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.