24 November, 2024 08:50:42 PM


ഏറ്റുമാനൂരില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ നോക്കുകുത്തിയായി: ശക്തിനഗര്‍ ബസ് സ്റ്റോപ്പ് ഇരുട്ടില്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ പലതും നോക്കുകുത്തിയായി മാറി. ഏറ്റുമാനൂര്‍ മാഹാദേവക്ഷേത്രത്തിന്‍റെ പടിഞ്ഞാറെനടയ്ക്ക് സമീപം എം സി റോഡില്‍ ശക്തിനഗര്‍ ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ചിരുന്ന വിളക്ക് മാസങ്ങളായി കണ്ണടച്ചിട്ട്.


വിവിധ ദിശകളിലേക്ക് വെളിച്ചം ലഭിക്കുക എന്ന ലക്ഷ്യത്തോടെ മുകളിലെ വളയത്തില്‍ ആറ് കാലുകളിലായി 12 വിളക്കുകള്‍ ഘടിപ്പിക്കാനുളള സംവിധാനമാണ് ഒരു പോസ്റ്റിലുളളത്. എന്നാല്‍ ഇവയില്‍ 2 കാലുകളില്‍ വിളക്കുകള്‍ ഒന്നും കാണ്മാനില്ല. ഇവ ഒടിഞ്ഞു താഴെ വീണതായിരിക്കാമെന്നാണ് നാട്ടുകാര്‍ കരുതുന്നത്. രണ്ട് വിളക്കുകളുടെ ഫ്രയിം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ബാക്കിയുളള നാല് വിളക്കുകളും പ്രകാശിക്കുന്നില്ലെന്ന് മാത്രമല്ല. എപ്പോള്‍ വേണമെങ്കിലും താഴെ വീഴാമെന്ന അവസ്ഥയിലുമാണ്.


ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലേക്കും അല്ലാതെയുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അനവധി യാത്രക്കാരാണ് ശക്തിനഗർ ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്നത്. രാത്രിയിൽ ഈ പ്രദേശം ഇരുട്ടിൽ മുങ്ങുന്നതോടെ ബുദ്ധിമുട്ടിലാവുന്നത് ഈ യാത്രക്കാരാണ്. രാത്രി വൈകിയാൽ ഓട്ടോറിക്ഷയും ഇവിടെ കിട്ടില്ല. പിന്നെ ഇരുട്ടത്ത് ടൗണിലേക്ക് നടക്കുക തന്നെ ശരണം.


ശബരിമല സീസൺ ആരംഭിക്കും മുന്നേ നഗരത്തിലെ വഴിവിളക്കുകൾ എല്ലാം പ്രവർത്തനക്ഷമമാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നിട്ടും ലക്ഷങ്ങൾ ചിലവിട്ട് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകളോട് മുഖം തിരിച്ചു തന്നെ നിൽക്കുകയാണ് നഗരസഭ അധികൃതരെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K