22 November, 2024 07:53:42 PM
പൗരോഹിത്യ രജത ജൂബിലി ആഘോഷ നിറവിൽ റവ ഡോ. ജയിംസ് മുല്ലശ്ശേരി സി എം ഐ
മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാളും എഎസ്ഐഎസ് സി നാഷണൽ പ്രസിഡന്റുമായ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ യുടെ പൗരോഹിത്യ ജീവിതത്തിൻ്റെ രജത ജൂബിലി ;സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ പിതാവിൻ്റെ അനുഗ്രഹാശിസ്സുകളോടെ പ്രൗഢഗംഭീരമായ വേദിയിൽ ആഘോഷിച്ചു.
തിരുവനന്തപുരം സെൻറ് ജോസഫ് പ്രൊവിൻസ് വികാർ ജനറലായ റവ.ഡോ. സെബാസ്റ്റ്യൻ അട്ടിച്ചിറ സിഎംഐയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടുത്തുരുത്തി എംഎൽഎ അഡ്വ. ശ്രീ മോൻസ് ജോസഫ്, കോട്ടയം സെൻറ് ആൻറണീസ് പിൽഗ്രിം സെൻറർ റെക്ടർ റവ.മോൺസിഞ്ഞോർ ഡോ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കെ ഇ സ്കൂൾ മുൻ പ്രിൻസിപ്പാൾ റവ. ഫാ. ഫിലിപ്പ് പഴയകരി സി എം ഐ, കെ ഇ റസിഡൻസ് പ്രിഫക്ട് റവ.ഫാ. ഷൈജു സേവ്യർ സി എം ഐ, കെ ഇ സ്കൂൾ മുൻ വൈസ് പ്രിൻസിപ്പൽ റവ.ഫാ.തോമസ് മണ്ണൂപ്പറമ്പിൽ സി എം ഐ, പാലാ ബ്രില്യന്റ് സ്റ്റഡി സെൻറർ ഡയറക്ടർമാരായ ശ്രീ ജോർജ് തോമസ്, ശ്രീ സെബാസ്റ്റ്യൻ ജി മാത്യു, കെ സ്കൂൾ പിടിഎ പ്രസിഡൻറ് അഡ്വ. ശ്രീ ജയ്സൺ ജോസഫ്, മുൻ പിടിഎ പ്രസിഡൻറ് ശ്രീ ജോമി മാത്യു, സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ ശ്രീ ഷാജി ജോർജ്, ശ്രീ റോയ് മൈക്കിൾ, ഹെഡ്മാസ്റ്റർ ശ്രീ കെ ഡി സെബാസ്റ്റ്യൻ, അധ്യാപിക ശ്രീമതി സുമൻ അനിൽ, അനധ്യാപക അംഗം ശ്രീ കെ എം തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പൗരോഹിത്യത്തിലൂടെ സഭയിലും സമൂഹത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച റവ. ഡോ.ജെയിംസ് മുല്ലശ്ശേരി സി എം ഐ കാരുണ്യത്തിന്റെയും കർമ്മോപാസനയുടെയും മികച്ച മാതൃകയാണ്. വിദ്യാഭ്യാസ വിദഗ്ധൻ ,ചിന്തകൻ ജീവകാരുണ്യ പ്രവർത്തകൻ, കവി, ഗാനരചയിതാവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭ കൂടിയായ മുല്ലശ്ശേരി അച്ചൻ നാനാജാതി മതസ്ഥരുടെ സൗഹൃദത്തിലൂടെ മാനവമൈത്രിയുടെ മഹത്തായ സന്ദേശം ജീവിതവ്രതമാക്കിയ ഒരു വൈദികനാണെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ പിതാവ് വ്യക്തമാക്കി.
സഭ,കുടുംബം, സുഹൃത്തുക്കൾ, സമൂഹം ഇവയെല്ലാം ഒത്തൊരുമിച്ച് നൽകിയ പിന്തുണയും ധൈര്യവുമാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്ന് റവ.ഡോ.ജെയിംസ് മുല്ലശ്ശേരി സി എം ഐ മറുപടി പ്രസംഗത്തിൽ നന്ദിപൂർവ്വം സ്മരിക്കുകയും രജത ജൂബിലിആഘോഷത്തിൻ്റെ ഭാഗമായി ശേഖരിച്ച സഹായ നിധി വൃക്കരോഗികളുടെ പുന:രുജ്ജീവനത്തിനായി മെഡിക്കൽ കോളേജ് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറുമെന്ന് അറിയിക്കുകയും ചെയ്തു.