21 November, 2024 09:41:16 PM
ഫാ ജയിംസ് മുല്ലശേരിയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം നാളെ കെ ഇ സ്കൂളിൽ
ഏറ്റുമാനൂർ : മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പലും അസോസിയേഷൻ ഓഫ് സ്കൂൾ ഫോർ ഓൾ ഇന്ത്യൻ കൗൺസിലിന്‍റെ നാഷണൽ പ്രസിഡന്റുമായ ഫാ. ഡോ. ജയിംസ് മുല്ലശേരിയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം വെള്ളിയാഴ്ച കെ ഇ സ്കൂളിൽ നടക്കും. ചടങ്ങിൽ മോൻസ് ജോസഫ് എം എൽ എ, ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് തറയിൽ എന്നിവർ വിശിഷ്ട അതിഥികളായിരിക്കും.
ഗ്രന്ഥകാരൻ, കവി, ചിന്തകൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഫാ. ജയിംസ് മുല്ലശേരി ചങ്ങനാശ്ശേരി ചെത്തിപ്പുഴ വടക്കേക്കര മുല്ലശേരിയിൽ പരേതനായ ദേവസ്യ തോമസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.
1985ൽ ചെത്തിപ്പുഴ സെമിനാരിയിൽ ചേർന്നു. 2000 ജനുവരി ഒന്നിന് സിഎംഎ വൈദികനായി അഭിഷിക്തനായി. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിനോപ്പമാണ് പൗരോഹിത്യം സ്വീകരിച്ചത്. ചെത്തിപ്പുഴ തിരു ഹൃദയ ദേവാലയത്തിലെ സഹ വികാരിയായാണ് പൗരോഹിത്യ ജീവിതം ആരംഭിച്ചത്.
കൊൽക്കത്തയിലെ കെ ഇ കാർമൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് എച്ച് എസ് എസ് അധ്യാപകൻ, ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാർ പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011 മുതൽ മാന്നാനം കെ ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലാണ്. 2012ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടി.