29 October, 2024 09:45:05 PM


വഴിയില്‍ തള്ളിയ മാലിന്യം നീക്കം ചെയ്യാതെ നഗരസഭ: ഹരിതകര്‍മസേനയോട് സഹകരിക്കില്ലെന്ന് റസിഡന്‍റ്സ് അസോസിയേഷന്‍



ഏറ്റുമാനൂർ : വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതുവഴിയിൽ തള്ളിയത് ഒരു മാസം കഴിഞ്ഞിട്ടും നീക്കം ചെയ്യാൻ തയ്യാറാകാതെ ഏറ്റുമാനൂർ നഗരസഭ. ഈ പ്രവണത തുടർന്നാൽ ഹരിതകര്‍മസേനയ്ക്ക് ഇനി മാലിന്യങ്ങൾ കൈമാറേണ്ട എന്ന തീരുമാനവുമായി റസിഡന്റ്‌സ് അസോസിയേഷൻ. 


വഴിയിൽ കൂട്ടിയിടുന്ന മാലിന്യം മൂലമുണ്ടാകുന്ന പരിസരമലിനീകരണവും മറ്റും ചൂണ്ടികാട്ടി തങ്ങളുടെ തീരുമാനം അറിയിച്ചുകൊണ്ട് ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷനാണ് നഗരസഭ അധികൃതർക്കും വകുപ്പുമന്ത്രിക്കും കത്ത് നൽകിയത്. ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കള്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും വിധം പൊതുവഴിയില്‍ കൂട്ടിയിടുന്നത് പതിവായിരിക്കുകയാണ് ഏറ്റുമാനൂരിൽ.


മാലിന്യനിർമാർജനം ലക്ഷ്യമിട്ട് ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ വിവിധ സ്ഥലങ്ങളിൽ മുന്നറിയിപ്പുബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 34-ാം വാര്‍ഡിലെ ശക്തി റോഡില്‍ ഇത്തരത്തിൽ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോര്‍ഡിനു തൊട്ടുകീഴിലാണ് മാസങ്ങളായി ഹരിതകർമസേന മാലിന്യം തള്ളുന്നത്. അതും ഒരു വീടിന്റെ പ്രധാന കവാടത്തിനു മുന്നിൽ. 2024 സെപ്തംബര്‍ 27, 28 തീയതികളിൽ വീടുകളില്‍ നിന്നും ശേഖരിച്ച് റോഡില്‍ തള്ളിയ മാലിന്യങ്ങള്‍ ഇന്നേവരെ നീക്കം ചെയ്തിട്ടില്ല. ഈ മാലിന്യങ്ങള്‍ തെരുവുനായ്ക്കള്‍ വലിച്ച് റോഡില്‍ നിരത്തിയിടുന്നത് നാട്ടുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും മാലിന്യം നാളുകളായി കൂടികിടക്കുന്നത് മറ്റ് സ്ഥലങ്ങളില്‍നിന്നുള്ളവള്‍ക്ക് ആഹാര അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ വഴിയില്‍  വലിച്ചെറിയുന്നതിന് സൌകര്യമൊരുക്കുന്നതായും അസോസിയേഷന്റെ പരാതിയില്‍ പറയുന്നു.  


ഓരോ വീട്ടുകാരും വീടുകളില്‍ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ 50 രൂപ വാങ്ങി പൊതുവഴിയില്‍ കൊണ്ടുപോയി ഇടുന്നത് ശരിയായ പ്രവണതയല്ലെന്ന് പ്രസിഡന്റ്‌ ദിനേശ് ആർ ഷേണായിയുടെ അധ്യക്ഷതയിൽ ചേർന്ന അസോസിയേഷന്‍ യോഗം വിലയിരുത്തി. പാല്‍ തുടങ്ങിയവയുടെ കവര്‍ കഴുകി ഉണക്കി നല്‍കണമെന്ന് പറയുന്ന ഹരിതകര്‍മസേന തന്നെയാണ് ഇവ ശേഖരിച്ച് മഴയത്ത് വഴിയില്‍ കൂട്ടിയിടുന്നതും. ഇത്തരത്തില്‍ ഒരു മാസം മുമ്പ് ശേഖരിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍പോലും തയ്യാറാകാതെ ഏതാനും ദിവസം മുമ്പ് വീണ്ടും ഹരിതകര്‍മസേന അംഗങ്ങള്‍ വീടുകളില്‍നിന്നും മാലിന്യം ശേഖരിക്കാന്‍ എത്തിയതോടെയാണ് റസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. 


ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ ഉടനടി നീക്കം ചെയ്യണമെന്നുള്ള ആവശ്യത്തോടൊപ്പമാണ് ഈ പ്രവണത തുടര്‍ന്നാല്‍ ഹരിതകര്‍മസേനയോട് സഹകരിക്കേണ്ടതില്ല എന്ന അസോസിയേഷന്‍റെ തീരുമാനവും അധികൃതരെ അറിയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K