24 August, 2024 09:02:59 PM
മാത്യുവിന് തണലേകി തദ്ദേശ അദാലത്ത്; ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം
കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ കെ.സി. മാത്യുവിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. ലൈഫ് വീടിന് എല്ലാ ആനുകൂല്യങ്ങളോടും കൂടിയ താൽക്കാലിക നമ്പർ നൽകാൻ തദ്ദേശഅദാലത്തിൽ മന്ത്രി എം.ബി. രാജേഷിന്‍റെ ഉത്തരവ്. ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് പണി പൂർത്തിയായിട്ടും നമ്പർ ലഭിച്ചില്ലെന്ന പരാതിയുമായാണ് കെ.സി. മാത്യു ഇന്ന് അതിരമ്പുഴയില്‍ നടന്ന തദ്ദേശ അദാലത്തിൽ എത്തിയത്.
വീടിന് മുൻപിലെ റോഡിൽ നിന്നുള്ള അകലം 30 സെന്റിമീറ്റർ കുറവാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒക്യുപൻസി നിഷേധിച്ചിരുന്നത്. ലൈഫ് പദ്ധതി പ്രകാരം നിർമിച്ച ചെറിയ വീടാണ് മാത്യുവിന്റേത് എന്നത് കണക്കിലെടുത്ത് ആവശ്യമായ ഇളവ് അനുവദിക്കാൻ മന്ത്രി നിർദ്ദേശം നൽകി. മാത്യുവിന് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന രീതിയിൽ താൽക്കാലിക നമ്പർ അനുവദിക്കും. ഇതുപയോഗിച്ച് റേഷൻ കാർഡ്, വൈദ്യുതി, കുടിവെള്ള കണക്ഷൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാകും.
1500 ചതുരശ്രയടിക്ക് താഴെയുള്ള വീടുകൾക്ക് ഗുരുതര നിയമലംഘനങ്ങൾ ഇല്ലെങ്കിൽ താൽക്കാലിക നമ്പർ നൽകാമെന്ന സർക്കാർ ഉത്തരവ് പ്രകാരമുള്ള ഇളവാണ് മാത്യുവിന് അനുവദിച്ചത്. മാത്യുവിന്റെ വീട് 60 ചതുരശ്ര മീറ്ററിൽ താഴെയായതിനാൽ വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കി നൽകാനും നിർദേശിച്ചു. കാലങ്ങളായി നടക്കാതിരുന്ന ആവശ്യം നിറവേറ്റിയതിന് മന്ത്രിയോട് നന്ദി പറഞ്ഞാണ് മാത്യു തദ്ദേശ അദാലത്തിൽ നിന്ന് മടങ്ങിയത്.