14 August, 2024 05:45:09 PM
എല്‍ഡിഎഫും ബിജെപിയും കൈകോര്‍ത്തു; ഏറ്റുമാനൂരില്‍ അവിശ്വാസം പരാജയപ്പെട്ടു
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭ വൈസ് ചെയര്‍മാനും ധനകാര്യസ്ഥിരം സമിതി അധ്യക്ഷനുമായ കേരളോ കോണ്‍ഗ്രസ് (ജോസഫ്) അംഗം കെ.ബി. ജയമോഹനെതിരെ യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം കോറം തികയാതെ പരാജയപ്പെട്ടു. തങ്ങളുടെ മുന്നണിയിലെ തന്നെ അംഗമായ വൈസ് ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം എല്‍ഡിഎഫും ബിജെപിയും കൈകോര്‍ത്ത് പരാജയപ്പെടുത്തി എന്നതാണ് ഏറെ പ്രത്യേകത. മാത്രമല്ല നഗരസഭാ ഭരണവും യുഡിഎഫിന് തന്നെ.
ധനകാര്യ സ്ഥിരം സമിതിയോഗത്തിന്‍റെ മിനിറ്റ്സ് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെട്ട ക്രമക്കേടുകളെതുടര്‍ന്നാണ് ജയമോഹനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കപ്പെട്ടത്. നഗരസഭാ കൌണ്‍സില്‍ മുമ്പാകെ സമിതി അധ്യക്ഷനായ ജയമോഹന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് തങ്ങള്‍ അറിഞ്ഞതല്ലെന്ന് സ്ഥിരം സമിതി അംഗങ്ങള്‍ എല്ലാവരും ഒന്നുപോലെ പറഞ്ഞതോടെ ഇദ്ദേഹത്തിനെതിരെ അംഗങ്ങള്‍ ജോയിന്‍റ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. എൽ ഡി എഫ് പിന്തുണയോടെയാണ് ജയമോഹനെതിരെ യു ഡി എഫിലെ 12 അംഗങ്ങൾ ചേർന്ന് പരാതി നൽകിയത്.
ഇന്ന് രാവിലെ 11 മണിക്ക് അവിശ്വാസം ചര്‍ച്ച ചെയ്യാനായി ജോയിന്‍റ് ഡയറക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പക്ഷെ എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ ആരും പങ്കെടുത്തില്ല. ആകെ ഹാജരായത് 12 യുഡിഎഫ് അംഗങ്ങളും രണ്ട് സ്വതന്ത്ര അംഗങ്ങളും. യുഡിഎഫ് അംഗമായ ജയമോഹനോടൊപ്പം 7 ബിജെപി അംഗങ്ങളും 12 എല്‍ഡിഎഫ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും യോഗത്തില്‍നിന്ന് വിട്ടുനിന്നു.
എൽ ഡി എഫ് - 2, ബിജെപി - 2, ജയമോഹൻ ഉൾപ്പെടെ യു ഡി എഫ് - 2 എന്നിങ്ങനെയാണ് ധനകാര്യ സ്ഥിരം സമിതിയിൽ അംഗങ്ങളുടെ കക്ഷിനില. ഇവരിൽ ചെയർമാൻ ഒഴികെ എല്ലാവരും വനിതകൾ ആണ്. സ്ഥിരമായി 4 മണിക്കൂശേഷമാണ് സ്ഥിരം സമിതി യോഗം വിളിക്കുന്നതെന്നും അതുകൊണ്ട് തന്നെ പല യോഗങ്ങളിലും തങ്ങൾക്ക് പങ്കെടുക്കാൻ പറ്റുന്നില്ലെന്നും ഒരു വിഭാഗം അംഗങ്ങൾ കുറ്റപെടുത്തുന്നു. ഓഫീസ് ഡ്യൂട്ടിക്കിടെ നഗരസഭ എഅസിസ്റ്റന്റ് എഞ്ചിനീയറെ മർദിച്ചവശനാക്കിയ സംഭവത്തിൽ ജയമോഹനെതിരെ പോലീസ് കേസ് നിലനിൽക്കുന്നുണ്ട്.