10 August, 2024 06:46:14 PM
ഏറ്റുമാനൂർ നഗരസഭാ മൈതാനത്തേക്കുളള കവാടം ആറു വർഷത്തിനുശേഷം സഞ്ചാര യോഗ്യമാകുന്നു
ഏറ്റുമാനൂർ: ആറു വർഷത്തിനുശേഷം ഏറ്റുമാനൂർ ചിറക്കുളം റോഡിൽ നിന്നും നഗരസഭ മൈതാനത്തേക്കുള്ള കവാടം സഞ്ചാരയോഗ്യമാക്കുന്നു. ഏറ്റുമാനൂർ മുൻസിപ്പാലിറ്റിക്ക് മുമ്പിൽ ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതിക്ക് വേണ്ടിയാണ് ചിറക്കുളം റോഡിൽ നിന്നുള്ള കവാടം അടച്ചത്. പക്ഷെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിനായി ടെൻഡർ ക്ഷണിച്ചത് മുതലുള്ള അഴിമതി ആരോപണവും അപാകതകൾ ചൂണ്ടികാട്ടി അസിസ്റ്റന്റ് എഞ്ചിനീയറുടെ വിയോജനകുറിപ്പും കൂടിയായപ്പോൾ പദ്ധതി അവതാളത്തിലായി. പദ്ധതി പ്രവർത്തനം തുടരാനാവാത്ത വിധം തുടക്കത്തിൽ തന്നെ നിലച്ചു.
ഷോപ്പിംഗ് കോംപ്ലക്സ് കം തീയേറ്റർ പദ്ധതി ഉപേക്ഷിക്കപ്പെട്ടിട്ടും നഗരസഭ മൈതാനത്തുകൂടിയുള്ള വഴി അടഞ്ഞു തന്നെ കിടന്നു. പൊതുജനങ്ങൾക്കോ ചെറുവാഹനങ്ങൾക്കോ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണമെങ്കിൽ ചിറകുളം ചുറ്റി പോകേണ്ട അവസ്ഥയുമായി. ഏറ്റുമാനൂർ ടൗണിന്റെ ഹൃദയഭാഗത്ത് ഉള്ള ഈ സ്ഥലമാകട്ടെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാൽ ദുർഗന്ധപൂരിതവുമായി. കവാടം തുറക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്ന് മുഴുവൻ മാലിന്യവും അടിയന്തരമായി നീക്കുവാൻ കഴിഞ്ഞ നഗരസഭ കൗൺസിൽ തീരുമാനമെടുത്തു.
ഇതോടെയാണ് മാലിന്യം നീക്കുവാനും പരിസരം വൃത്തിയായി സൂക്ഷിക്കുവാനുമുള്ള നടപടി ആരംഭിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ജെസിബിയുടെ സഹായത്തോടെ നീക്കുന്ന പ്രക്രിയ അടുത്ത ദിവസങ്ങളിലും തുടരും. ഓട്ടോറിക്ഷ ഉൾപ്പെടെ ചെറിയ വാഹനങ്ങൾക്ക് പ്രൈവറ്റ് ബസ്റ്റാൻഡിലേക്ക് കയറുവാനുള്ള അനുവാദം കൊടുക്കണമെന്ന് ഏറ്റുമാനൂർ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.