09 August, 2024 07:48:23 PM


തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാഘോഷം: കുടുംബശ്രീ ആഘോഷം വേറിട്ടതായി



കോട്ടയം: അന്താരാഷ്ട്ര തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ തദ്ദേശീയ മേഖലകളിൽ കുടുംബശ്രീയിൽ പ്രവർത്തിക്കുന്ന തദ്ദേശീയ ജനതയെ ഉൾക്കൊള്ളിച്ച് കോട്ടയം ചൈതന്യ പാസ്റ്റർ സെന്ററിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വേറിട്ട രീതിയിലുള്ള പങ്കാളിത്ത ഉദ്ഘാടന മാതൃക കൊണ്ട് യോഗം ശ്രദ്ധേയമായി.

ഗോത്ര ജനവിഭാഗത്തിൽ നിന്നുള്ള പ്രവർത്തകർ ഒത്തുചേർന്നാണ് യോഗം ഉദ്ഘാടനം ചെയ്തത്. പാലക്കാട്, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള കുടുംബശ്രീയുടെ തദ്ദേശീയ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിച്ച് നേതൃത്വം നൽകുന്ന അംഗങ്ങൾ ചേർന്ന് പങ്കാളിത്ത മാതൃകയിലാണ് ഉദ്ഘാടനം നിർവഹിച്ചത്. കുടുംബശ്രീ സോഷ്യൽ ഇൻക്ലൂഷൻ സോഷ്യൽ ഡെവലപ്‌മെന്റ് വിഭാഗം പ്രോഗ്രാം ഓഫീസർ ഡോ. ബി. ശ്രീജിത്ത് പൊതുയോഗത്തിൽ അധ്യക്ഷനായി. ടാറ്റാ കൺസൾട്ടൻസി ഗവേഷണ വിഭാഗം മേധാവി റോബിൻ ടോമി മുഖ്യപ്രഭാഷണം നടത്തി. 

കുടുംബശ്രീ സോഷ്യൽ ഇൻക്ലൂഷൻ വിഭാഗം സംസ്ഥാന പ്രോഗ്രാം മാനേജർ അരുൺ പി. രാജൻ, സംസ്ഥാന അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ജിഷ്ണു ഗോപൻ എന്നിവർ പ്രസംഗിച്ചു. വിവിധ തദ്ദേശീയ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുടുംബശ്രീയിലെ പ്രവർത്തകർ അതത് തദ്ദേശീയ മേഖലകളുടെ സവിശേഷതകളെക്കുറിച്ചും തദ്ദേശീയ ജനത മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളെക്കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവച്ചു. തദ്ദേശീയ ജനമേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പരിശീലനം നടക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K