03 September, 2021 08:51:18 PM


സ്ത്രീകള്‍ നിയമ സംവിധാനങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തണം - വനിതാ കമ്മീഷന്‍



പാലക്കാട്: ഗാര്‍ഹിക അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളില്‍ സ്ത്രീകള്‍ സമയോചിതമായ ഇടപെടലുകള്‍ നടത്തി നിയമ സംവിധാനങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. ജില്ലയില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ പരാതികള്‍ പരിശോധിച്ച് സംസാരിക്കുകയായിരുന്നു അവര്‍.


സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ ഇക്കാര്യം പറഞ്ഞത്. ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളെ സംരക്ഷിക്കുന്നതിനായി ഗാര്‍ഹിക അതിക്രമ നിരോധന നിയമം, സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള പോലീസ് സംവിധാനങ്ങള്‍ എന്നിവ നിലവിലുണ്ടെങ്കിലും നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ മൂലം സ്ത്രീകള്‍ ആത്മഹത്യ ചെയ്യുകയോ ദുരിതമനുഭവിക്കുകയോ  ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്.  


സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും സ്‌നേഹിത, വനിതാ സെല്‍, വനിതാ കമ്മീഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും വനിതാ കമ്മീഷനംഗം ഷിജി ശിവജി പറഞ്ഞു. പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ പലപ്പോഴും കുട്ടികളെ കൂടി ചേര്‍ത്ത് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. നിരപരാധികളായ കുഞ്ഞുങ്ങള്‍ കൂടി ഇരയാകുകയാണ്. കൗണ്‍സിലിംഗ് പോലുള്ള മാര്‍ഗങ്ങളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുകയും കുടുംബ ബന്ധങ്ങളിലെ വിള്ളല്‍ പരിഹരിക്കാന്‍ സാധിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു.


ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 61 പരാതികളാണ് ലഭിച്ചത്. ഇതില്‍ 20 പരാതികള്‍ പരിഹരിച്ചു. രണ്ടു പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചിട്ടുണ്ട്. അദാലത്തില്‍ മൂന്ന് അഭിഭാഷകര്‍, രണ്ട് കൗണ്‍സിലര്‍മാര്‍ എന്നിവരും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K