20 December, 2022 05:33:26 AM


വാൽക്കണ്ണാടി മുതൽ തെങ്ങ് വരെ; ചിരട്ടയിൽ കരവിരുത് തീർത്ത് സരളയും ശിവൻകുട്ടിയും



കോട്ടയം: വാൽക്കണ്ണാടി മുതൽ ചക്ക വിളഞ്ഞു നിൽക്കുന്ന പ്ലാവും, തെങ്ങും വരെ ചിരട്ടയിൽ വിസ്മയങ്ങൾ നിർമ്മിച്ച് കുടുംബശ്രീ ദേശീയ സരസ് മേളയിൽ സന്ദർശകരെ ആകർഷിക്കുകയാണ് കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശികളായ ശിവൻകുട്ടിയും ഭാര്യ സരളയും. തവി, കപ്പ്, പുട്ടുകുറ്റി, ജഗ്ഗ്, തുടങ്ങിയ ഗൃഹോപകരണങ്ങൾ മുതൽ മൂങ്ങ, കൊക്ക്, കിളികൾ, മയിൽ, പക്ഷികൾ, വണ്ട്, പ്രാണികൾ എന്നിങ്ങനെ വിവിധ രൂപത്തിലുള്ള കരകൗശല വസ്തുക്കൾ ഇവർ മേളയിൽ എത്തിച്ചിട്ടുണ്ട്.

കൃഷ്ണാഞ്ജലി കോക്കനട്ട് ഷെൽ ക്രാഫ്റ്റ് എന്ന പേരിലാണ് വീട്ടിൽ കൗശല വസ്തുക്കൾ നിർമ്മിക്കുന്നത്. നിർമ്മാണ മേഖലയിൽ തൊഴിലാളി ആയിരുന്ന ശിവൻകുട്ടി മൂന്നു വർഷം മുമ്പാണ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. തിരുവനന്തപുരം വെള്ളയമ്പലത്തെ കരകൗശല ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനവും നേടിയിട്ടുണ്ട് ശിവൻകുട്ടി. 

സരസിൽ ഇന്ന്


കോട്ടയം: നാഗമ്പടം മൈതാനത്ത് നടക്കുന്ന ദേശീയ സരസ് മേളയിൽ ഇന്ന്(ഡിസംബർ 20) രാവിലെ 10ന് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സംഗീതപരിപാടി നടക്കും. 10.30ന് കുടുംബശ്രീ നാളെ- ഗവേഷണാധിഷ്ഠിത ലിംഗപദവി തുല്യത സമന്വയ സമീപനം എന്ന വിഷയത്തിൽ നടക്കുന്ന സിമ്പോസിയത്തിൽ കെ.കെ ശൈലജ എം.എൽ.എ, മുൻ മന്ത്രി പി.കെ ശ്രീമതി, മുൻ പാർലമെന്റ് അംഗങ്ങളായ ടി.എൻ. സീമ, സി. എസ് സുജാത തുടങ്ങിയവർ പങ്കെടുക്കും.

സമഭാവന രംഗശ്രീ അവതരിപ്പിക്കുന്ന നാടകം വൈകിട്ട് അഞ്ചിനും കുട്ട്ലെ ഖാനും സംഘവും അവതരിപ്പിക്കുന്ന രാജസ്ഥാനി ഫോക്ക് ഡാൻസ് വൈകിട്ട് ആറിനും നടക്കും. 'കൊമ്പ് ബാൻഡ്' അവതരിപ്പിക്കുന്ന സംഗീത കലാവിരുന്ന് വൈകിട്ട് ഏഴിനും എം.കെ.കെ നായർ സ്മാരക കഥകളി കേന്ദ്രം അവതരിപ്പിക്കുന്ന കഥകളി ദുര്യോധന വധം വൈകിട്ട് ഒൻപതിന് നടക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K