24 May, 2022 09:01:03 AM


സ്ത്രീ ശാക്തീകരണം ഇങ്ങനെയും: കശ്മീരിൽ ഒത്തുകൂടി 25 മലയാളി വനിതാ പൊലീസുകാർ



തൃശൂര്‍ : രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിനു വൻ പ്രാധാന്യം നൽകി ബോധവൽക്കരണം നടക്കുമ്പോൾ വനിതാ കൂട്ടായ്മയുടെ വേറിട്ട സന്ദേശം നൽകികൊണ്ട് ഒരു പറ്റം മലയാളി വനിതാ പോലീസുകാര്‍ കശ്മീർ താഴ് വരയിൽ. ഔദ്യോഗിക ഡ്യൂട്ടിക്കായല്ല ഇവർ കശ്മീരിലെത്തിയത്. സൌഹൃദം പുതുക്കി ഒന്നു അടിച്ചുപൊളിച്ചു ഉല്ലസിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ ഇവര്‍ തങ്ങളുടെ ഒത്തുചേരൽ വ്യത്യസ്തമാക്കിയിരിക്കുകയാണ്.

തൃശൂർ പൊലീസ് അക്കാദമിയിലെ 2003 ബാച്ചിലെ 25 വനിതാ സിവിൽ പൊലീസ് ഓഫിസർമാരാണ് സംഘത്തിലുള്ളത്. 10 ദിവസത്തെ ക്യാമ്പിനുശേഷം നാളെ ഇവര്‍ കേരളത്തിൽ മടങ്ങിയെത്തും. കൊല്ലം, മലപ്പുറം , കോഴിക്കോട് , കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നിങ്ങനെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വനിത പൊലീസുകാരാണ് സംഘത്തിലുള്ളത്. 19 വർഷത്തിനു ശേഷമാണ് ഇവർ ഒത്തുകൂടുന്നത്. പരിശീലനം കഴിഞ്ഞ് അക്കാദമിയിൽ നിന്നു പുറത്തിറങ്ങി വിവിധ സ്ഥലങ്ങളിൽ ജോലിക്ക് കയറിയശേഷം പരസ്പരം കണ്ടുമുട്ടിയവരും ഇക്കൂട്ടത്തില്‍ ചുരുക്കം.

കൂട്ടായ്മയെക്കുറിച്ച് ആലോചിച്ചപ്പോൾ അതു വ്യത്യസ്ത അനുഭവമാക്കണമെന്നും തീരുമാനമായി. കുടുംബത്തെ ഒപ്പം കൂട്ടാതെയായിരുന്നു യാത്ര. വിമാനത്തിലാണ് ശ്രീനഗറിലെത്തിയത്. ഇവരിൽ പലരും ആദ്യമായാണ് വിമാനത്തിൽ യാത്ര ചെയ്യുന്നതെന്ന കൗതുകവും ഇതിനു പിന്നിലുണ്ട്. എല്ലാവരും നെടുമ്പാശേരി വിമാനത്താവളത്തിൽ ഒന്നിച്ചു. അവിടെ നിന്നു ഡൽഹി വഴി ശ്രീനഗറിലേക്ക്. ദാൽലേക്ക്, അവന്തിപുര, പഹൽ ഗം തുടങ്ങിയ സ്ഥലങ്ങളിലും മറ്റും കറങ്ങി ഡൽഹി വഴി നെടുമ്പാശേരിയൽ തിരികെയെത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K